Connect with us

Kozhikode

മലബാറിന്റെ സ്വപ്‌ന പദ്ധതിക്ക് കാലിടറുന്നു

Published

|

Last Updated

കോഴിക്കോട്:മലബാറിന്റെ സ്വപ്‌ന പദ്ധതിയായ പൊന്നാനി- കോഴിക്കോട് തീരദേശ ഹൈവേയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തി വൈകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള 4.5 കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണം മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഒരു വര്‍ഷത്തിനകം ആദ്യ ഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. റോഡുമായി ബന്ധപ്പെട്ട് പൊന്നാനി ഭാഗത്ത് ചില എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവൃത്തി വൈകുന്നതെന്നാണ് വിവരം. എന്നാല്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല. ആദ്യ ഘട്ട നിര്‍മാണത്തിന് വേണ്ട സ്ഥലം പൂര്‍ണമായി ഏറ്റെടുക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡിന് ഭൂമി ഏറ്റെടുക്കലിനെതിരെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നിരുന്നു. 72.37 കിലോ മീറ്റര്‍ ദൂരപരിധിയുള്ള റോഡിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവൃത്തി 17 കോടി രൂപക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഏറ്റെടുത്തിട്ടുണ്ട്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കടലുണ്ടി, ചാലിയം, ബേപ്പൂര്‍, മാറാട്, കല്ലായ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലൂടെയാണ് പാത വെങ്ങളത്തെത്തുക. ഏഴ് പാലങ്ങളാണ് നിര്‍ദിഷ്ട പാതയിലുള്ളത്. ഇതില്‍ കടലുണ്ടിക്കടവ് പാലത്തിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. ഭാരതപ്പുഴ, പൂരപ്പുഴ, ചാലിയം, കല്ലായി, കോരപ്പുഴ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മിക്കേണ്ടത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്- കൊച്ചി റൂട്ടില്‍ 35 കിലോ മീറ്ററോളം ദൂരം കുറയുന്നതോടൊപ്പം ടൂറിസം രംഗത്തും വന്‍ കുതിച്ചു ചാട്ടമാണ് പദ്ധതി പ്രദേശങ്ങളെ കാത്തിരിക്കുന്നത്. 1993ല്‍ നാറ്റ്പാക്കാണ് കോഴിക്കോട്- പൊന്നാനി തീരദേശപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയത്. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുങ്ങിയതോടെ തുടര്‍ നടപടികള്‍ സ്തംഭിക്കുകയായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് പദ്ധതിക്ക് ജീവന്‍വെച്ചത്. 1327 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. പൊന്നാനി-ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിനും കടലുണ്ടി പക്ഷിസങ്കേതം, പൊന്നാനി അഴിമുഖം, ബിയ്യം കായല്‍, തിരൂര്‍ പടിഞ്ഞാറക്കര അഴിമുഖം തുടങ്ങിയ ടൂറിസം മേഖലകളുടെ വികസനത്തിനും സഹായകമാകുന്നതാണ് ഈ പാത.