നിയമനിര്‍മാണ സഭക്ക് ഇന്ന് 125

Posted on: March 30, 2013 6:00 am | Last updated: March 31, 2013 at 2:53 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നിയമനിര്‍മാണ സഭ രൂപവത്കരിച്ചിട്ട് ഇന്ന് 125 വര്‍ഷം തികയുന്നു. ഇന്ത്യന്‍ നാട്ടു രാജ്യങ്ങളിലെ ആദ്യ നിയമ നിര്‍മാണ സഭകളിലൊന്നായ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിച്ചുകൊണ്ട് 1888 മാര്‍ച്ച് 30നാണ് ശ്രൂമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് ഉത്തരവിറക്കിയത്. ഔദ്യോഗിക ഉപദേശക സമിതി എന്ന നിലയില്‍ രൂപവത്കരിച്ച തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നത് 1888 ആഗസ്റ്റ് 23നായിരുന്നു. ദിവാന്റെ ഓഫീസില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്കായിരുന്നു ആദ്യ യോഗം.
നാമനിര്‍ദേശം ചെയ്യപ്പെട്ട ആറ് ഉദ്യോഗസ്ഥരും രണ്ട് അനൗദ്യോഗിക അംഗങ്ങളുമാണ് അന്ന് കൗണ്‍സില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23ന് ആരംഭിച്ച നിയമ നിര്‍മാണ സഭയുടെ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇപ്പോഴും തുടരുകയാണ്. അടുത്ത ആഗസ്റ്റ് 22 നാണ് സമാപനം നടക്കുക. തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ, ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സില്‍, ശ്രീമൂലം അസംബ്ലി, തിരുവിതാംകൂര്‍ റെപ്രസെന്റേറ്റീവ് ബോഡി/ തിരുവിതംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലി എന്നിവയാണ് പിന്നീട് രൂപവത്കരിച്ച നിയമനിര്‍മാണ സഭകള്‍.