സ്വദേശിവത്കരണം പ്രാബല്യത്തിലായിട്ടും കേന്ദ്രം ഇരുട്ടില്‍ തപ്പുന്നു

Posted on: March 30, 2013 5:42 am | Last updated: March 30, 2013 at 9:57 am
SHARE

ന്യൂഡല്‍ഹി:സ്വദേശിവത്കരണത്തെ തുടര്‍ന്ന് സഊദിയില്‍ നിന്ന് ഇന്ത്യക്കാര്‍ കൂട്ടത്തോടെ മടങ്ങുന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. നിതാഖാത് നിയമം പ്രാബല്യത്തില്‍ വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാറിന് സഊദി അധികൃതരുമായി നയതന്ത്രതലത്തില്‍ ബന്ധപ്പെടാനായില്ല. വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിരുന്നു. വ്യാഴാഴ്ച രാത്രി വൈകി ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള കേബിള്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തിയതാണ് നയതന്ത്രതലത്തില്‍ നടന്ന ഏക ആശയവിനിമയം. ഇത് തികച്ചും സാധാരണ നടപടിയാണ്.റിയാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് സഊദി അധികൃതരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. എത്ര ഇന്ത്യക്കാര്‍ തിരിച്ചുപോക്ക് ഭീഷണി നേരിടുന്നുണ്ടെന്നോ, എത്ര പേര്‍ ഇതിനകം പരിശോധനയില്‍ കുടുങ്ങിയെന്നോ എംബസിക്ക് വിവരമില്ല. വ്യക്തമായ കണക്ക് പോലും കേന്ദ്ര സര്‍ക്കാറിന്റെ കൈവശമില്ല. ഇതു സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.മൂന്ന് മാസം മുമ്പ് തന്നെ നിതാഖാത് നിയമം നടപ്പാക്കുമെന്നും അതിന്റെ വിശദാംശങ്ങളും സഊദി വിദേശകാര്യ മന്ത്രാലയം എംബസി വഴി ഇന്ത്യയെ അറിയിച്ചിരുന്നു. നിയമപ്രകാരം നടപടി നേരിടേണ്ടി വരുന്ന പൗരന്മാരുടെ പട്ടികയിലും ഇന്ത്യ ആദ്യ പാദത്തില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നതാണ് പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചത്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. സഊദി തൊഴില്‍ മന്ത്രാലയവും പോലീസും അനധികൃത താമസക്കാരെന്ന് കണ്ടെത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ എംബസികളെ അറിയിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ എംബസിയും ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്താക്കുന്നവരുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് മുദ്ര പതിപ്പിക്കുന്നത് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് തടസ്സമാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സഊദിയില്‍ പ്രവേശിക്കുന്നതിനാണ് വിലക്കുണ്ടാകുക. വിദേശത്തായിരുന്ന പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ധരിപ്പിക്കുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. സംഭവം രാജ്യാന്തര വിഷയമല്ലാത്തതിനാല്‍ സഊദിയുടെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍, ആശങ്ക സഊദി വിദേശകാര്യ വകുപ്പിനെ അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സഊദി രാജാവുമായി സംസാരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഉറപ്പ് നല്‍കിയതായി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വാര്‍ത്താ ലേഖകരോട് പറഞ്ഞു. മടങ്ങിയെത്തുന്നവരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. സഊദിയില്‍ നിന്ന് മലയാളികള്‍ മടങ്ങിയെത്തുന്നത് രാജ്യത്തിന്റെയും കേരളത്തിന്റെയും സാമ്പത്തിക നിലക്ക് ഭീഷണിയാണെന്ന് ചെന്നിത്തല സോണിയയെ അറിയിച്ചു.
സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. സഊദിയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതി വേണമെന്ന് സോണിയയോട് അഭ്യര്‍ഥിച്ചതായി ചെന്നിത്തല പറഞ്ഞു.