നെല്ലറ വരണ്ടുണങ്ങുന്നു; 68. 23 കോടിയുടെ കൃഷിനാശം

Posted on: March 30, 2013 1:29 am | Last updated: March 30, 2013 at 1:29 am
SHARE

പാലക്കാട്: കനത്ത വേനലില്‍ നെല്ലറ വരണ്ടുണങ്ങുന്നു. പാടങ്ങള്‍ ഉണങ്ങിക്കരിഞ്ഞു. അണക്കെട്ടുകളും കുളങ്ങളും കിണറുകളും വറ്റിവരണ്ടു. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട്ട് ഈ സീസണില്‍ 68.23കോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. ഇതില്‍ 31.42 കോടി രൂപയുടെ നഷ്ടം നെല്‍ക്കൃഷിയില്‍നിന്നുമാത്രമാണ്. ചിറ്റൂര്‍ മേഖലയിലാണ് ഏറ്റവും രൂക്ഷം. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുളള വെള്ളം ലഭിക്കാതിരുന്നതാണ് ചിറ്റൂര്‍ മേഖലയിലെ കൃഷിനാശത്തിനു കാരണം. ഫെബ്രുവരി 28 വരെ 4.91 ടി എം സി വെള്ളം മാത്രമേ ലഭിച്ചിട്ടുള്ളു. ജൂണ്‍ വരെയുള്ള ജല വര്‍ഷത്തില്‍ 7. 25 ടി എം സിയാണ് ലഭിക്കേണ്ടത്. തമിഴ്‌നാടിനുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കില്‍ മാത്രമേ ജലം ലഭിക്കുകയുള്ളു. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചെറുവിരല്‍ അനക്കുന്നില്ല.
ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളൊക്കെ വറ്റിക്കൊണ്ടിരിക്കുന്നു. ‘ഭാരതപ്പുഴയും കുന്തിപ്പുഴയും നീര്‍ച്ചാലുകളായി. ചൂട് കൂടുന്നതോടെ ഇവ ഇനിയും വരളും. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി വരെയെത്തി. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മലമ്പുഴ, മീങ്കര അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കാജനകമായി താഴുകയാണ്. മീങ്കരയില്‍ ചൊവ്വാഴ്ച 19. 3 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 21 അടിയായിരുന്നു. മലമ്പുഴ അണക്കെട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മലമ്പുഴയിലെ ജലനിരപ്പ് ഇന്നലെ 102. 59 മീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇത് 104. 36 മീറ്ററായിരുന്നു. പാലക്കാട് നഗരവും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ ചേരാമംഗലം പത്തിരിപ്പാലവരെയുള്ള ജനങ്ങളുടെ കുടിവെള്ളസ്രോതസ്സാണ് മലമ്പുഴ.
മാസം രണ്ട് ദശലക്ഷം ഘനമീറ്റര്‍ കുടിവെള്ളമാണ് മലമ്പുഴയില്‍നിന്ന് നല്‍കുന്നത്. വേനല്‍ രൂക്ഷമായി കൂടുതല്‍ പ്രദേശത്തേക്ക് വെള്ളം നല്‍കേണ്ടിവന്നാല്‍ സ്ഥിതി ഗുരുതരമാകും. ജില്ലയിലെ മറ്റ് അഞ്ച് അണക്കെട്ടുകളിലെ വെള്ളം കൃഷി ആവശ്യത്തിനാണ് നല്‍കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലുമായി അവിടങ്ങളില്‍നിന്നുള്ള ജലവിതരണം നിര്‍ത്തി. കൃഷിനാശം വര്‍ധിക്കാന്‍ കാരണവും ഇതാണ്. നേരിട്ട് കുടിക്കാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഈ അണക്കെട്ടുകളിലെ ജലക്ഷാമം കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നുണ്ട്. അണക്കെട്ടുകളില്‍നിന്ന് കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുമ്പോള്‍ സ്വാഭാവികമായും കിണറുകളില്‍ ഉറവയെത്തും. വെള്ളം കിട്ടാതെ നെല്‍വയലുകള്‍ ഉണങ്ങിക്കരിഞ്ഞപ്പോള്‍ കര്‍ഷകര്‍ തന്നെ കൃഷി നശിപ്പിക്കുന്ന കാഴ്ചയും ഇവിടെയുണ്ടായി. നിരവധി ഏക്കറിലെ കൃഷി ഉപേക്ഷിച്ചു.
ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാജനകമായി കുറയുന്ന രണ്ട് ജില്ലകളിലൊന്നാണ് പാലക്കാട്. കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന കിഴക്കന്‍ മേഖലയിലെ എരുത്തിയാമ്പതി, വടകരപ്പതി പ്രദേശങ്ങളില്‍ കിണറുകള്‍ പൂര്‍ണമായും വറ്റി. ടാങ്കറുകളില്‍ എത്തുന്ന വെള്ളത്തിനായി നാട്ടുകാര്‍ മണിക്കൂറുകള്‍ കാത്തിരിക്കുകയാണ്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ അട്ടപ്പാടിയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി തുടങ്ങി.
കൊക്കോകോള കമ്പനിയുടെ ജല ചൂഷണമൂലം പ്ലാച്ചിമടയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജനകീയ സമരത്തെ തുടര്‍ന്ന് കൊക്കോകോള കമ്പനി പൂട്ടിയിട്ട് 8 വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല. പ്ലാച്ചിമട സമരത്തിന്റെ പതിനൊന്നാം വാര്‍ഷികം അടുത്ത മാസം 22നാണ്. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കത്തത് മൂലം നിവാസികള്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. പ്ലാച്ചിമടയിലെ ജനങ്ങള്‍ വേനല്‍ കനത്തതോടെ ദാഹജലത്തിനായി ടാങ്കര്‍ ലോറികള്‍ കാത്തിരിക്കുകയാണ്. കുടിവെള്ളക്ഷാമത്തിന് പുറമെ നെല്ലറയില്‍ സൂര്യാഘാതവും ജനങ്ങളെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 ഓളം പേര്‍ക്കാണ് സൂര്യാഘാതത്താല്‍ പൊള്ളലേറ്റിരിക്കുന്നത്. ഇതിന് പുറമെ സൂര്യതാപം താങ്ങാനാകാതെ പത്തോളം പേര്‍ കുഴഞ്ഞു വീണ് മരിക്കുകയുമുണ്ടായി.