മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പുതിയ പരിഷ്‌കാരം വിദ്യാര്‍ഥികളെ വെട്ടിലാക്കി

Posted on: March 30, 2013 1:16 am | Last updated: March 30, 2013 at 1:16 am
SHARE

മങ്കട: ഏപ്രില്‍ അവസാന വാരം നടക്കാനിരിക്കുന്ന സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ജില്ലയിലെ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയില്‍. ആള്‍ ഇന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പരീക്ഷ നടത്തിയിരുന്ന പഴയ രീതി മാറി എം ബി ബി എസ്, ബി ഡി എസ് പരീക്ഷകള്‍ ഇപ്രാവശ്യം ‘നീറ്റ്’ നടത്തുന്ന ഒറ്റപരീക്ഷ മാത്രമായതിനാല്‍ നീറ്റിനും അനുബന്ധ അപേക്ഷ സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ക്കും അയക്കുകയും എന്നാല്‍ സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന ഇതര കോഴ്‌സുകളായ ബി എ എം എസ്, ബി എച്ച് എം എസ്, അഗ്രി കള്‍ച്ചര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കൊടുക്കാന്‍ വിട്ടുപോവുകയോ പുതിയ പരിഷ്‌ക്കരണത്തില്‍ ആശയക്കുഴപ്പം നേരിടുകയോ ചെയ്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മാത്രമാണ് വെട്ടിലായ വിവരം അറിയുന്നത്. പഴയ സമ്പ്രദായത്തില്‍ ഇത്തരം കോഴ്‌സുകള്‍ക്ക് പ്രത്യേകം ഓപ്ഷന്‍ നല്‍കേണ്ടതില്ലായിരുന്നു.
സ്വകാര്യ കഫേകളില്‍ നിന്നും വീടുകളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ചുരുക്കത്തില്‍ എം ബി ബി എസ്, ബി ഡി എസ് പ്രവേശന പരീക്ഷ മാത്രമേ എഴുതാനാകൂ.
അടിയന്തിരമായി ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ഒരിക്കല്‍ കൂടി ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടമാകും. കെണിയിലായവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് വിദ്യാര്‍ഥികളില്‍ ചിലര്‍ അടിയന്തിര സന്ദേശമയച്ചു.
സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ട് ഹാജരായിട്ടാണെങ്കിലും തങ്ങള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അവരമൊരുക്കി അഡ്മിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.