പൂവ്വം ജലവിതരണ പദ്ധതി പാതിവഴിയില്‍

Posted on: March 30, 2013 1:03 am | Last updated: March 30, 2013 at 1:03 am
SHARE

ശ്രീകണ്ഠപുരം: കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവഴിച്ച് ജലസേചന വകുപ്പ് നിര്‍മിച്ച ജലവിതരണ പദ്ധതി വെറുതെ കിടക്കുന്നു. കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പടിയൂര്‍ പഞ്ചായത്തിലെ പൂവ്വം ജലവിതരണ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രവര്‍ത്തനം തുടങ്ങാതെ കിടക്കുന്നത്.
2002ല്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥലം എം എല്‍ എ. കെ സി ജോസഫിന്റെ പ്രത്യേക താത്പര്യത്താല്‍ തുടക്കം കുറിച്ച പദ്ധതി യഥാസമയം പൂര്‍ത്തീകരിച്ചെങ്കിലും തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ജലവിതരണ പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതുമൂലം പദ്ധതി കമ്മീഷന്‍ ചെയ്യാനായില്ല. വര്‍ഷങ്ങളായി സി പി എം ഭരണം നടത്തുന്ന പടിയൂര്‍ പഞ്ചായത്ത് ഭരണസമിതിയും പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതിക്ക് വേണ്ടി പൂവ്വം പുഴയോരത്ത് കിണറും പമ്പ് ഹൗസും, പൂവ്വം-കല്യാട് റോഡരികില്‍ രണ്ടേക്കര്‍ സ്ഥലത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റും ശുദ്ധജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള കെമിക്കല്‍ ലബോറട്ടറിയും പൂര്‍ത്തിയാക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജലവിതരണത്തിനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന് മാത്രമല്ല, പട്ടുവം ശുദ്ധജല പദ്ധതിക്കായി വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി നേരത്തെ ഇവിടെ സ്ഥാപിച്ച പൈപ്പുകള്‍ എടുത്ത് മാറ്റുകയും ചെയ്തു. പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് ജലവിതരണം നടത്താം. എല്ലാ ദിവസവും പുഴയോരത്ത് സ്ഥാപിച്ച കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും അത് വെറുതെ ഒഴുക്കിക്കളയുകയാണ്. വേനല്‍ കനത്തത്തോടെ പടിയൂര്‍ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എല്ലാ ജലസ്രോതസുകളും വറ്റിത്തുടങ്ങി. മുപ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പടിയൂര്‍ ലക്ഷംവീട് കോളനിയിലെ പഞ്ചായത്ത് കിണര്‍ പൂര്‍ണമായും വറ്റി. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതി വെറുതെ കിടക്കുമ്പോള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ ജനങ്ങളില്‍ വന്‍ പ്രതിഷേധമാണുണ്ടാക്കുന്നത്.