സഊദി സ്വദേശിവത്കരണം; കണ്ണൂരിലും ആശങ്ക

Posted on: March 30, 2013 12:58 am | Last updated: March 30, 2013 at 12:58 am
SHARE

കണ്ണൂര്‍: സഊദി അറേബ്യയില്‍ സ്വദേശിവത്കരണ നിയമം കര്‍ശനമാക്കിയതോടെ കണ്ണൂര്‍ ജില്ലയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ ആശങ്കയില്‍.
കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ സഊദിഅറേബ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സഊദിയില്‍ നിയമം കര്‍ശനമാക്കിയതോടെആയിരങ്ങളായിരിക്കും കണ്ണൂരിലേക്ക് തിരിച്ച് വരിക. സൗദിയില്‍ ചെറിയ ഗ്രോസറികള്‍, തുണിക്കടകള്‍, കഫ്ത്തീരിയ ഉള്‍പ്പെടെ നടത്തുന്നവരില്‍ നൂറുക്കണക്കിനാളുകള്‍ കണ്ണൂര്‍ ജില്ലക്കാരാണ്. അതിലുമേറെയാണ് വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌സ്റ്റൈല്‍സ്, ബേങ്കിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മറ്റ് കമ്പനികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം. ഇപ്പോള്‍ തന്നെ ചെറുകിട കച്ചവടങ്ങളില്‍ പലതം അടച്ചിട്ട് കഴിഞ്ഞു. പത്ത് വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിയമം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ മലയാളികളുള്‍പ്പെടെ പതിനായിരങ്ങള്‍ക്കാകും നാട്ടിലേക്ക് മടങ്ങേണ്ടി വരിക. ജില്ലയില്‍ നിന്ന് കാല്‍ലക്ഷത്തോളം പേര്‍ക്ക് തിരിച്ചുവരേണ്ടി വരുമെന്നാണ് സൂചന. ഇത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്. തിരിച്ച് വരേണ്ടി വരുന്നവരില്‍ പലരും പത്തും അതിലേറെയും വര്‍ഷങ്ങളായി സഊദിയില്‍ ജോലി ചെയ്തുവരുന്നവരാണെന്നാണ് പ്രത്യേകത.
പെട്ടെന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയോര്‍ത്ത് ഇപ്പോള്‍ തന്നെ സഊദിയിലെ പ്രവാസികള്‍ ആശങ്കയിലാണ്. 20 ലക്ഷമാണ് സഊദിഅറേബ്യയിലെ ഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. ഒരു ലക്ഷത്തോളം പേര്‍ ഈ ജില്ലകളില്‍ നിന്നുമായി ഉണ്ടെന്നാണ് കണക്ക്. ഇതില്‍ വലിയ വിഭാഗത്തിന് നിയമം കര്‍ശ നമാക്കിയാല്‍ എല്ലാം ഉപേക്ഷിച്ച് തിരിച്ചുവരേണ്ടി വരും. ഇത് പ്രവാസി കുടുംബങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിയമത്തില്‍ അയവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ പ്രവാസി കുടുംബങ്ങള്‍. ജില്ലയില്‍ കണ്ണൂര്‍ സിറ്റി, വളപ ട്ടണം, മാട്ടൂല്‍, പാനൂര്‍, കടവത്തൂര്‍, മട്ടന്നൂര്‍, പഴയങ്ങാടി, തലശ്ശേരി, കൂത്തുപറമ്പ്, ഇരിക്കൂര്‍, പെരിങ്ങളം, തളിപ്പറമ്പ്, മാതമംഗലം, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി പേര്‍ സഊദി യില്‍ ജോലി ചെയ്തുവരുന്നുണ്ട്. സഊദിയിലെ നിതാഖത്ത് നിയമം ഈ മേഖലകളില്‍ മ്ലാനത പടര്‍ത്തിയിരിക്കുകയാണ്.