വിസ്മയ കാഴ്ചയൊരുക്കി മലപ്പുറം ജില്ലാ പെട്ടിവരവ് സമ്മേളനം

Posted on: March 30, 2013 6:20 am | Last updated: March 30, 2013 at 7:28 am
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ പെട്ടിവരവ് കാഴ്ചയുടെ സൗന്ദര്യമൊരുക്കി മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ചു. ചരിത്രത്തെ ഓര്‍മിപ്പിക്കും തരത്തില്‍ മമ്പുറം, പൊന്നാനി പള്ളികളുടെയും കൂറ്റന്‍ വഞ്ചികളുടെയുമെല്ലാം രൂപങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിരന്നു. ജില്ലയിലെ 14 ഡിവിഷനുകളിലെ ആയിരത്തി അഞ്ഞൂറോളം യൂനിറ്റുകളില്‍ സ്ഥാപിച്ച പെട്ടികളുമായാണ് പ്രവര്‍ത്തകര്‍ മഞ്ചേരിയിലേക്ക് ബൈക്കുകളില്‍ ഒഴുകിയെത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കുകളില്‍ എത്തിച്ച പെട്ടികളുമായി പ്രവര്‍ത്തകര്‍ മഞ്ചേരി നഗരം ചുറ്റിയാണ് നഗരിയിലേക്ക് പ്രവേശിച്ചത്. പെട്ടികളുടെ മനോഹാരിത ആസ്വദിക്കാന്‍ നാട്ടുകാരും പ്രവര്‍ത്തകരും കൂടിയെത്തിയതോടെ നഗരി നിറഞ്ഞ് കവിഞ്ഞു. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി സംഘടനാ നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ്, സ്വാദിഖ് വെളിമുക്ക്, ബശീര്‍ പറവന്നൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വി പി എം ഇസ്ഹാഖ് , നാസര്‍ ഹാജി, ഒ എം എ റശീദ്, എം എ മജീദ്, കെ സൈനുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ എത്തിയിരുന്നു. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.