ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ ഇന്നുകൂടി മാത്രം

Posted on: March 30, 2013 6:20 am | Last updated: March 30, 2013 at 8:05 am
SHARE

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനപേക്ഷ നല്‍കുന്നതിനുള്ള അവസാന ദിനം ഇന്ന്. ഏറെ വൈകി കിട്ടുന്ന അപേക്ഷകളും ഇന്ന് സ്വീകരിക്കും. തപാലില്‍ ലഭിക്കുന്നതിനു പുറമെ നേരിട്ടും അപേക്ഷ സ്വീകരിക്കും. കഴിഞ്ഞ ഫെബ്രുവരി അഞ്ച് മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നേരത്തെ ഈ മാസം 20 വരെയായിരുന്നു അപേക്ഷ നല്‍കുന്നതിനുള്ള സമയം നല്‍കിയിരുന്നതെങ്കിലും പിന്നീട് 30 വരെ നീട്ടുകയായിരുന്നു.
ഇന്നലെ വരെ 41,000ല്‍ അധികം അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ 6,500ല്‍ അധികം അപേക്ഷ രണ്ട് വിഭാഗത്തിലും ഉള്‍പ്പെട്ട റിസര്‍വ് കാറ്റഗറിയില്‍ പെട്ടവരുടെതാണ്. അടുത്ത മാസം അഞ്ചിനകം അപേക്ഷകര്‍ക്കുള്ള കവര്‍ നമ്പര്‍ ലഭ്യമാക്കും. അഞ്ചിനകം കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ 5,6,7 തിയതികളില്‍ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഹജ്ജിനവസരം ലഭിക്കുന്നവര്‍ മെയ് 20ന് മുമ്പായി ഒന്നാം ഗഡുവായ 76,000 രൂപ അടക്കണം.
ഇന്ത്യയില്‍ ഈ വര്‍ഷം ഇതേവരെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ഗുജറാത്തില്‍ നിന്നാണ്. 42,000 ല്‍ അധികം പേര്‍ ഇവിടെ ഹജ്ജിനപേക്ഷിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനം കേരളത്തിനാണ്. മൂന്നാം സ്ഥാനം മഹാരാഷ്ട്രക്കും (34,000 പേര്‍), നാലാം സ്ഥാനം ഉത്തര്‍ പ്രദേശിനുമാണ് (31,000 അപേക്ഷകള്‍).