Connect with us

Eranakulam

കേരളത്തില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് തരം

Published

|

Last Updated

കൊച്ചി:സംസ്ഥാന സിവില്‍ സര്‍വീസില്‍ അടുത്ത മാസം ഒന്ന് മുതല്‍ രണ്ട് തരം ജീവനക്കാര്‍. ചരിത്രത്തിലാദ്യമായി കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ രണ്ട് തരം ജീവനക്കാരെ സൃഷ്ടിക്കുന്ന നിയമം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്‍ പ്രാകാരം ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് മുന്‍പുള്ള വരില്‍ നിന്ന് വ്യത്യസ്തമായി പങ്കാളിത്ത പെന്‍ഷനായിരിക്കും ബാധകമാകുക. പെന്‍ഷന്‍ ഫണ്ടിലേക്ക് പത്ത് ശതമാനം ശമ്പളം പിടിക്കുന്നതിനാല്‍ ശമ്പളത്തില്‍ ഗണ്യമായ കുറവുണ്ടാകും. കൂടാതെ പുതിയ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അന്‍പത്താറില്‍ നിന്ന് അറുപതാക്കി ഉയര്‍ത്തിയിട്ടുണ്ട്.

മാര്‍ച്ച് 31 വരെ സര്‍വീസില്‍ പ്രവേശിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ക്ക് പെന്‍ഷനാകുന്ന പ്രായത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും ഒരേ തസ്തികകളില്‍ ശമ്പളത്തില്‍ കുറവുണ്ടാകും. മാത്രമല്ല സര്‍ക്കാര്‍ ജോലിയുടെ പ്രധാന ആകര്‍ഷണമായ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ഒന്നാം തിയതി മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കില്ല. ഇവര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനായിരിക്കും ബാധകമാകുക.
സര്‍ക്കാറിന്റെ റവന്യു വരുമാനത്തിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി നീക്കിവെക്കേണ്ടി വരുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറിന് ഫണ്ട് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കിയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയെങ്കിലും വിജയിച്ചില്ല.
നിലവിലെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വിഭിന്നമായ ജീവനക്കാരുടെ ആശങ്കകള്‍ ബാക്കിവെക്കുന്നതാണ് പുതിയ പെന്‍ഷന്‍ പദ്ധതിയും അതിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് സംവിധാനവും. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ഡി എയും ഉള്‍പ്പെടുന്ന തുകയുടെ പത്ത് ശതമാനം ഓരോ മാസവും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണം, അതിനോടൊപ്പം സര്‍ക്കാറും തുല്യതുക നിക്ഷേപിക്കുന്നു. ഈ തുക സര്‍ക്കാര്‍ നിയമിക്കുന്ന ഫണ്ട് മാനേജിംഗ് സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 60 വയസ്സില്‍ വിരമിക്കുമ്പള്‍ ജീവനക്കാരന്റെ അക്കൗണ്ടിലുള്ള ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാം. ബാക്കി തുക പെന്‍ഷനായി മാറ്റിവെക്കപ്പെടുന്നു. അറുപത് വയസ്സിന് മുന്‍പ് വിരമിക്കുകയോ ജോലി രാജിവെക്കുകയോ ചെയ്താല്‍ അക്കൗണ്ടിലുള്ള തുകയുടെ 20 ശതമാനം മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ബാക്കി തുക പെന്‍ഷനായി മാറ്റിവെക്കപ്പെടും. ജീവനക്കാരന്റെ പണം ഓഹരി വിപണിയിലേക്കും കടപ്പത്ര നിക്ഷേപങ്ങളിലേക്കും പോകുന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യത്തിന്റെ കാര്യത്തില്‍ മുന്‍പുള്ള പെന്‍ഷനെ അപേക്ഷിച്ച് സുരക്ഷ ഉറപ്പല്ലില്ലെന്നത് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്്. മാത്രമല്ല നിലവിലെ പെന്‍ഷന്‍ പദ്ധതിപോലെ ശമ്പള പരിഷ്‌കരണവും മറ്റും വരുമ്പോള്‍ കാലാകാലങ്ങളില്‍ പെന്‍ഷനുകള്‍ക്ക് ഉണ്ടാകുന്ന വര്‍ധന വരാന്‍പോകുന്ന പെന്‍ഷന്‍ പദ്ധതികള്‍ക്ക് ബാധകമല്ലെന്നതും ജീവനക്കാരെ പ്രതികുലമായി ബാധിക്കുന്നു.
സര്‍ക്കാര്‍ സര്‍വീസിലെ പ്രധാന തസ്തികകളായ എല്‍ ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ ഡി ടൈപ്പിസ്റ്റ,് വിവിധ ഡ്രൈവര്‍ തസ്തികകള്‍, പ്രൈമറി അധ്യാപകര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് എന്നിവയിലാണ് തൊണ്ണൂറ് ശതമാനത്തിന് മേല്‍ ജീവനക്കാര്‍ ജോലിചെയ്യുന്നത്. പെന്‍ഷന്‍ ഫണ്ട് പിടിക്കുന്നതിനാല്‍ വിവിധ തസ്തികകളിലുള്ളവരുടെ ശമ്പളത്തില്‍ ആയിരം മുതല്‍ 3000 വരെ രൂപയുടെ വ്യത്യാസമാണുണ്ടാകുക. ഇത് ജീവനക്കാരുടെ ഇടയില്‍ അതൃപ്തിക്ക് കാരണമാകും. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര നിരക്കില്‍ ജവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചിട്ടുണ്ട് എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Latest