ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കും: കെ സി വേണുഗോപാല്‍

Posted on: March 30, 2013 6:06 am | Last updated: March 30, 2013 at 9:04 am
SHARE

കൊച്ചി/തിരുവനന്തപുരം: സഊദിയിലെ സ്വദേശിവത്കരണത്തെത്തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍.
സൗദി സ്വദേശിവത്കരണ പ്രശ്‌നത്തില്‍ പ്രത്യേക സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കാന്‍ എയര്‍ ഇന്ത്യക്ക് വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ അധിക വിമാന സര്‍വീസുകള്‍ ഏര്‍പ്പാടാക്കണമെന്നും മന്ത്രി എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി.
സഊദിയിലെ സംഭവ വികാസങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. എത്ര പേര്‍ മടങ്ങേണ്ടിവരും എത്ര പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സൂക്ഷ്മ നിരീക്ഷണമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ പൊതുമാപ്പ് അനുവദിച്ച സമയത്തും ആളുകളെ നാട്ടിലെത്തിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്രമീകരണങ്ങളനുസരിച്ച് ആളുകള്‍ മടങ്ങിയെത്താന്‍ ഉണ്ടായിരുന്നില്ല. മടങ്ങിയെത്തുന്നവരെക്കുറിച്ചുള്ള ധാരണ ലഭിച്ചാല്‍ അതിനനുസരിച്ച് ഉടന്‍ നടപടിയെടുക്കാനാകും. എത്ര പേര്‍ വരുമെന്ന് സൂചന കിട്ടിയാല്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ എയര്‍ ഇന്ത്യാ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖത്ത് നിയമം മൂലം ജോലിക്ക് ഭീഷണി നേരിടുന്ന മലയാളികളടക്കമുള്ളവര്‍ നിരവധി ഇന്ത്യക്കാര്‍ സൗദി വിട്ടു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും നിരവധി പേര്‍ എത്തുമെന്നാണ് സൂചന. സഊദിയിലെ മിക്ക വിമാനത്താവളങ്ങളും കേരളത്തിലേക്കുള്ള മലയാളികളെകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.