ഗവി മോഡല്‍ വിനോദ സഞ്ചാര വികസനത്തിന് വനം വകുപ്പ് പദ്ധതി

Posted on: March 30, 2013 6:00 am | Last updated: March 31, 2013 at 2:53 pm
SHARE

gaviതിരുവനന്തപുരം:സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ സാധ്യതകള്‍ തേടി ഗവി മോഡല്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ച് ജംഗിള്‍ ക്യാമ്പിംഗ്, ഏറുമാടങ്ങളില്‍ താമസം, ജലയാത്ര, ഹ്രസ്വദൂര- ദീര്‍ഘദൂര ട്രക്കിംഗ്, വന്യജീവി നിരീക്ഷണം, ജംഗിള്‍ ട്രക്കിംഗ്, പക്ഷിനിരീക്ഷണം, പ്രകൃതി പഠനം, ട്രൈബല്‍ ഹാംലെറ്റുകള്‍ സന്ദര്‍ശനം, സുഗന്ധവ്യഞ്ജന പ്ലാന്റേഷന്‍ സന്ദര്‍ശനം, മലകയറ്റം എന്നീ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലുള്ള പദ്ധതികളാണ് വന മേഖലകളില്‍ നടപ്പിലാക്കുക.വനമേഖലയില്‍ ഇക്കോടൂറിസം പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചും വനസംരക്ഷണ നിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കും പുതിയ വിനോദസഞ്ചാര മേഖലകള്‍ക്കുള്ള അനുമതി നല്‍കുക. മദ്യം, പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ പദ്ധതി പ്രദേശത്ത് നിരോധിക്കും. പരിസ്ഥിതി സൗഹൃദപരമായി താത്ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം പദ്ധതി പ്രദേശത്ത് അനുവദിച്ച് പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്ത രീതിയില്‍ ഇക്കോടൂറിസം പദ്ധതികള്‍ വനപ്രദേശത്ത് നടപ്പിലാക്കാനാണ് വനം വകുപ്പ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.സംസ്ഥാന വനം വികസന കോര്‍പറേഷന്‍ ഗവിയില്‍ നടപ്പിലാക്കിയ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് വനം വകുപ്പ് ഇത്തരം പദ്ധതികള്‍ വ്യപിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ഗവി ജലസംഭരണിയും ഏലത്തോട്ടവുമായി ബന്ധപ്പെട്ട് ആറ് പദ്ധതികളാണ് വനം വികസന കോര്‍പറേഷന്‍ പ്രദേശത്ത് നടപ്പിലാക്കിയിരിക്കുന്നത്. ട്രക്കിംഗ്, ബോട്ടിംഗ്, വന്യജീവി സഫാരി, ഇക്കോ ലോഡ്ജായ ഗ്രീന്‍ മാന്‍ഷനില്‍ താമസം, കോട്ടേജ് ടെന്റില്‍ താമസം, ജംഗിള്‍ ക്യാമ്പിംഗ് എന്നിവയാണ് പദ്ധതികള്‍. ഇതിലൂടെ വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും വനം വികസനകോര്‍പറേഷന് സാധിച്ചിരുന്നു. ഇവ കൂടാതെ വനം വകുപ്പിന്റെയും വനം വികസന കോര്‍പറേഷന്റെയും കീഴില്‍ ഓരോ ജില്ല കേന്ദ്രീക രിച്ച് നിരവധി ടൂറിസം പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്.അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്, പൊന്മുടി, അരിപ്പ, കല്ലാര്‍, നെയ്യാര്‍, പേപ്പാറ എന്നിവയാണ് തിരുവനന്തപുരം ജില്ലയിലുള്ള പദ്ധതികള്‍. കൊല്ലത്ത് പാലരുവി, ശെന്തുരുണി, മണലാര്‍-കംഭാവരുട്ടിയും പത്തനംതിട്ടയില്‍ കൊച്ചാണ്ടിയും ഗവിയും കോട്ടയത്ത് ചെല്ലാര്‍കോവില്‍, ഇടുക്കിയില്‍ കുട്ടിക്കാനം, കോലാഹലമേട്, തേക്കടി, മൂന്നാര്‍, ഇരവികുളം, ചിന്നാര്‍, തൊമ്മന്‍കുത്ത് എന്നിവയും എറണാകുളം ജില്ലയില്‍ ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, മംഗളവനം, കോടനാട്, മുളംകുഴി, പനേലിപാറ. തൃശൂര്‍ ജില്ലയില്‍ അതിരപ്പിള്ളി, ചിമ്മിണി, പീച്ചി- വാഴാനിഎന്നിവയും പാലക്കാട് ജില്ലയില്‍ പറമ്പിക്കുളം, ചൂളന്നൂര്‍, നെല്ലിയാമ്പതി, സൈലന്റ്‌വാലി, മലമ്പുഴ, വാളയാര്‍, അനങ്ങന്‍മല, മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, നെടുങ്കയം. കോഴിക്കോട് ജില്ലയില്‍ ജാനകിക്കാട്, കക്കയം, പെരുവണ്ണാമൂഴി, ചാലിയം, കടലുണ്ടി, തുഷാരഗിരി, കക്കാട്. വയനാട് ജില്ലയില്‍ തോല്‍പ്പെട്ടി, മുത്തങ്ങ, പാക്കം-കുറുവ, തിരുനെല്ലി, ബാണാസുരമല, മാനന്തവാടി, മീന്‍മുട്ടി, കമ്പമല, കണ്ണൂരില്‍ ആറളം. കാസര്‍കോട് റാണിപുരം തുടങ്ങിയ ടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നത്.