സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: വി എസ്

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 12:28 am
SHARE

കോഴിക്കോട്: സോഷ്യലിസ്റ്റുകള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി എസ് അച്യുതാന്ദന്‍. ഓരോ സംസ്ഥാനത്തും സോഷ്യലിസ്റ്റുകള്‍ ഭിന്നിച്ചു നില്‍ക്കുന്നതാണ് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഹാളില്‍ അരങ്ങില്‍ ശ്രീധരന്‍ 90ാം ജന്മദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് മാസത്തിനകം കേന്ദ്രത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ്സ് ഒറ്റക്ക് നിന്ന് മത്സരിച്ച് ജയിക്കാനുള്ള സാധ്യത ഒട്ടും തന്നെ നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നാം ബദലിന്റെ സാധ്യത ഉരുത്തിരിയുന്നത്. ഓരോ സംസ്ഥാനത്തും സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ഓരോ കക്ഷിയില്‍ ചേര്‍ന്ന് ശിഥിലമായിരിക്കുകയാണ്.
സോഷ്യലിസ്റ്റുകള്‍ ഒന്നിച്ചു നിന്നുള്ള ഒരു മൂന്നാം ബദലിനായി ജനങ്ങളും കാത്തിരിക്കുകയാണ്. എന്നാലും ഭരണവും തിരഞ്ഞെടുപ്പുമല്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് എല്‍ ഡി എഫ് പ്രാധാന്യം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച വി പി സിംഗ് മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അരങ്ങില്‍ ശ്രീധരന്‍. മികച്ച വാഗ്മി, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച ആളായിരുന്നു അരങ്ങിലെന്നും വി എസ് അനുസ്മരിച്ചു.
വ്യത്യസ്ത മുന്നണികളില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും ശ്രീധരനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ മുരളീധരന്‍ എം എല്‍ എ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവരുന്നവരെ അദ്ദേഹം നന്നായി പ്രോത്സാഹിപ്പിച്ചിരുന്നെന്നും മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നൂറ് ശതമാനവും യോഗ്യനായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
ചടങ്ങില്‍ അരങ്ങില്‍ ശ്രീധരന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷനായിരുന്നു. സോഷ്യലിസ്റ്റ് ജനത ജില്ലാ സെക്രട്ടറി മനയത്ത് ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി, ഇ പി ദാമോദരന്‍ മാസ്റ്റര്‍, അഡ്വ. രവീന്ദ്രനാഥ്, കിഷന്‍ ചന്ദ് പങ്കെടുത്തു.