Connect with us

Kerala

മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണകൂടങ്ങള്‍: എസ് എസ് എഫ് സെമിനാര്‍

Published

|

Last Updated

തിരുവനന്തപുരം: മനുഷ്യാവകാശം ജന്മാവകാശമാണെന്നും പലപ്പോഴും ഇവ നിഷേധിക്കുന്നതും നിരാകരിക്കുന്നതും ഭരണകൂടങ്ങളാണെന്നും എസ് എസ് എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു.
രാഷ്ട്രം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകൂടങ്ങള്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത്. അടിയന്തരാവസ്ഥയും സൈന്യത്തിന് പരമാധികാരം നല്‍കുന്ന നിയമങ്ങളും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ നടപ്പാക്കുന്ന നിയമങ്ങളും ഇതിന്റെ ഉദാഹരണങ്ങളാണ്. പൗരന്റെ അവകാശ സ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന ഒട്ടേറെ നിയമങ്ങള്‍ ഇപ്പോഴും രാജ്യത്തുണ്ട്. ഇവയില്‍ പലതിലും കൊളോണിയല്‍ താത്പര്യങ്ങളും സാമ്രാജ്യത്വ സ്വാധീനവുമുണ്ട്. രാജ്യത്തിന്റെ സുരക്ഷയുടെ പേര് പറഞ്ഞാണ് ഈ നിയമങ്ങളെല്ലാം നടപ്പാക്കുന്നത്. എന്നാല്‍ രാജ്യ സുരക്ഷക്ക് പകരം ഭരണകൂടങ്ങള്‍ അവരുടെ സുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്ന നിരപരാധികള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് പിന്നിലെ താത്പര്യമെന്തായാലും ഈ അവസ്ഥ എങ്ങനെ ഉണ്ടായെന്നതിന് ഭരണകൂടങ്ങള്‍ മറുപടി പറയണം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി ഭരണകൂടങ്ങള്‍ മുദ്ര കുത്തുന്ന ദയനീയ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയും അരുന്ധതി റോയിയും ബിനായക് സെന്നും, കൂടംകുളം സമര നേതാവ് ഉദയകുമാറും ഇതിന്റെ ഇരകളാണ്. മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ആദ്യം സാമൂഹിക അവകാശങ്ങളുടെ ധ്വംസനത്തിനെതിരെയാണ് രംഗത്ത് വരേണ്ടത്. സാമൂഹിക സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാതെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനാകില്ലെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാര്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, ഭാസുരേന്ദ്ര ബാബു, മുഹമ്മദ് ഫാറൂഖ് നഈമി, എ സൈഫുദ്ദീന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, ഉമര്‍ ഓങ്ങല്ലൂര്‍, സനൂജ് വഴിമുക്ക് സംസാരിച്ചു.