ബി ജെ പിക്ക് ഭീഷണിയായി കെ ജെ പി

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 12:05 am
SHARE

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ഭരണ കക്ഷിയായ ബി ജെ പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ് കെ ജെ പി (കര്‍ണാടക ജനതാ പാര്‍ട്ടി)യുടെ സാന്നിധ്യം. ഭരണം നിലനിര്‍ത്താന്‍ തുനിയുന്ന അവര്‍ക്ക് കെ ജെ പി ഭീഷണിയുയര്‍ത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പിയുടെ പ്രധാന എതിരാളികള്‍ കോണ്‍ഗ്രസ് തന്നെ. ജനതാ ദള്‍ സെക്യുലറാണ് മറ്റൊരു പാര്‍ട്ടി. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് ദളിന്റെ സ്വാധീനം പ്രകടമാകുക. കെ ജെ പി തനിച്ച് സീറ്റുകള്‍ സ്വന്തമാക്കുമെന്ന് അവകാശപ്പെടുന്നില്ല. മറിച്ച് ബി ജെ പിയുടെ പതനമാണ് അവരുടെ ലക്ഷ്യം. ബി ജെ പിയില്‍ നിന്ന് ഏതൊക്കെ നേതാക്കള്‍ കെ ജെ പിയിലേക്ക് കൂട് മാറുമെന്ന് ബി ജെ പി നേതൃത്വത്തിന് ഇപ്പോഴും ഉറപ്പില്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിലടക്കം അവര്‍ മെല്ലെപ്പോക്ക് നയമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക ശക്തിയായി നിന്ന മുന്‍ മുഖ്യമന്ത്രി യഡിയൂരപ്പ ബി ജെ പി വിട്ട് കഴിഞ്ഞ നവംബറിലാണ് കെ ജെ പിയിലെത്തിയത്. അദ്ദേഹത്തോടൊപ്പം അന്ന് മൂന്ന് മന്ത്രിമാരും പത്ത് എം എല്‍ എമാരും ബി ജെ പിയില്‍ നിന്ന് രാജിവെച്ച് കെ ജെ പിയില്‍ ചേര്‍ന്നിരുന്നു.
ഇനിയും ബി ജെ പിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി സദാനന്ദ ഗൗഡക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയ എക്‌സൈസ് മന്ത്രി എം പി രേണുകാചാര്യയെ കഴിഞ്ഞ ദിവസം ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതോടെ അദ്ദേഹത്തിന്റെ കെ ജെ പി പ്രവേശം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോഴുള്ളത്. രേണുകാചാര്യയടക്കം മൂന്ന് മന്ത്രിമാരും നിരവധി എം എല്‍ എമാരും പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷെട്ടര്‍ മന്ത്രിസഭയിലെ മറ്റൊരംഗം വി സോമണ്ണ ബി ജെ പി വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഖന, വ്യവസായ മന്ത്രി മുരുകേശും സമാനമായ ചിന്തഗതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
അതേസമയം ഷെട്ടര്‍ മന്ത്രിസഭയിലെ ചില മന്ത്രിമാരും മറ്റുചില ബി ജെ പി എം എല്‍ എമാരും കോണ്‍ഗ്രസില്‍ ചെന്ന് ടിക്കറ്റ് നേടാന്‍ കരുനീക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ പ്രധാനി കൃഷി മന്ത്രി വി ഉമേഷ് കാട്ടിയാണ്. കോണ്‍ഗ്രസ് സമ്മതം മൂളിയില്ലെങ്കില്‍ അദ്ദേഹം കെ ജെ പിയിലേക്കായിരിക്കും കടന്നുവരിക.
പ്രധാന എതിരാളികളായ കോണ്‍ഗ്രസിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ കെ ജെ പിയുടെ വെല്ലുവിളിയെ എങ്ങനെ നേരിടണമെന്ന പ്രശ്‌നവും ഇപ്പോള്‍ ബി ജെ പിയെ അലട്ടുന്നുണ്ട്. ജാതി, മത സമവാക്യങ്ങളും മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയങ്ങളായി അവതരിക്കും.
ഖനന വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് 2011 ജൂലൈയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട യഡിയൂരപ്പ അനവധി കേസുകളും മറ്റും നേരിട്ട് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വീണ്ടും കടന്നു വരാന്‍ ശ്രമിച്ചിരുന്നു. പിന്നീട് കേന്ദ്ര നേതൃത്വവുമായി നിരന്തരം വില പേശല്‍ നടത്തിയ യഡിയൂരപ്പ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.
യഡിയൂരപ്പയുടെ പുറത്തുപോകലോടെ പാര്‍ട്ടി ശുദ്ധീകരിക്കപ്പെട്ടതായും അഴിമതി വിമുക്തമായെന്നും അവകാശപ്പെട്ട ബി ജെ പി നേതാള്‍ക്ക് പിന്നീട് അത് മാറ്റി പറയേണ്ടി വന്നു. യഡിയൂരപ്പക്ക് പിന്നാലെ ഉപമുഖ്യമന്ത്രിമാരായിരുന്ന കെ എസ് ഈശ്വരപ്പ, ആര്‍ അശോക എന്നിവര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈശ്വരപ്പയുടെ വീടടക്കമുള്ള സ്ഥലങ്ങളിള്‍ റെയ്ഡ് നടത്തിയ പോലീസ് വരവില്‍ കവിഞ്ഞ ആസ്തി അദ്ദേഹത്തിനുള്ളതായി കണ്ടെത്തി. ആരോപണങ്ങള്‍ ഉയര്‍ന്ന സമയത്ത് ഉപ മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം അദ്ദേഹം ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഈ മാസം ആദ്യം ഈശ്വരപ്പക്ക് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു.
മെയ് അഞ്ചിനാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.