സ്വദേശിവത്കരണത്തിന്റെ ആശങ്കകള്‍

Posted on: March 30, 2013 6:01 am | Last updated: March 30, 2013 at 9:05 am
SHARE

siraj copyതൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ സഊദിയില്‍ ഇന്ന് മുതല്‍ ഊര്‍ജിതമാക്കുകയാണ്. പത്തില്‍ താഴെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഒരു സഊദിയെയെങ്കിലും നിയമിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന വിദേശികള്‍ക്കു (ഫ്രീവിസക്കാര്‍)മെതിരെ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നിയമനുസൃതം പ്രവര്‍ത്തിക്കുന്ന 3,40,000 ചെറുകിട കമ്പനികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവയില്‍ രണ്ടര ലക്ഷത്തോളം സ്ഥാപനങ്ങളില്‍ സഊദികളെ നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥാപനങ്ങളില്‍ നിയമനത്തിനുള്ള കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പരിശോധന ഊര്‍ജിതമാക്കുന്നത്. സഊദിയില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷത്തോളം മലയാളികളില്‍ രണ്ട് ലക്ഷത്തോളം പേരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പ്രവാസികളുടെ മടക്കം അവരെയും കുടുംബത്തെയും മാത്രമല്ല , സംസ്ഥാത്തിന്റെ സമ്പദ്ഘടനയെ മൊത്തത്തില്‍ ബാധിക്കും. 62,708 കോടിയോളം വരും സംസ്ഥാനത്തിന്റെ പ്രവാസി നിക്ഷേപമെന്ന് അടുത്ത ദിവസം പ്രസിദ്ധീകരിച്ച സംസ്ഥാന ബേങ്കിംഗ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുകയുണ്ടായി. പ്രവാസി നിക്ഷേപം ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന്റെ വരുമാനത്തില്‍ ഇരുപത് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കത്തിന് വഴിവെക്കുന്ന നടപടികളേതും ആശങ്കാജനകമാണ്. ഇറാഖിനെതിരായ സഖ്യകക്ഷികളുടെ യുദ്ധവേളയില്‍ രണ്ടര ലക്ഷത്തോളം മലയാളികള്‍ തിരിച്ചു വന്നപ്പോള്‍ സംസ്ഥാനം ഇതിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞതുമാണ്.
തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതപ്പെടുത്താനുള്ള അറബ് രാഷ്ട്രങ്ങളുടെ തീരുമാനത്തിന് പിന്നില്‍ ആരെയെങ്കിലും ദ്രോഹിക്കുക ലക്ഷ്യമല്ല. ഈജിപ്ത്, യമന്‍, തുനീഷ്യ, ലിബിയ, ബഹ്‌റൈന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയ ആശങ്കയാണ് അറബ് രാഷ്ട്രങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. മുല്ലപ്പൂ വിപ്ലവമെന്ന പേരിലറിയപ്പെടുന്ന ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരിലേറെയും തൊഴില്‍രഹിതരും അസംതൃപ്തരുമായ യുവാക്കളായിരുന്നു. സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴില്‍രാഹിത്യത്തിന് പരിഹാരം കാണേണ്ടതിന്റെ അനിവാര്യതയിലേക്ക് അറബ് ഭരണകൂടങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഇത് നിമിത്തമായി. ഇതേത്തുടര്‍ന്ന് 2011 നവംബറില്‍ സഊദിഅറേബ്യയാണ് തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തിന് തുടക്കം കുറിച്ചത്.
സഊദിയിലെ സംഭ,സാമ്പത്തിക രംഗത്ത് സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ ആഴം വ്യക്തമാകാനിരിക്കുന്നതേയുള്ളു. വിദേശികള്‍ മാത്രം തൊഴിലെടുക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഉയര്‍ന്ന വേതനം നല്‍കി സ്വദേശികളെ നിയമിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കം മുലം പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നതും ഒട്ടേറെ ഫ്രീവിസക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നതും വസ്തുതയാണ്. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്ന മലയാളികളുടെയും അടച്ചു പൂട്ടേണ്ടി വരുന്ന ചെറുകിട സ്ഥാപനങ്ങളുടെയും എണ്ണങ്ങളെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ അനുമാനങ്ങളാണ്. പലതും അതിശയോക്തിപരവും. ഗള്‍ഫ് യുദ്ധ കാലത്തെപ്പോലെ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഫ്രീവിസക്കാരില്‍ ഏറെയും സ്വദേശികള്‍ കടന്നു വരാനിടയില്ലാത്ത നിര്‍മാണ മേഖലയിലും മറ്റും പണിയെടുക്കുന്ന അവിദഗ്ധ തൊഴിലാളികളാണ്. ഇവരുടെ കൊഴിഞ്ഞുപോക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാനിടയുള്ളതിനാല്‍ സഊദി ഭരണകൂടത്തിന് പുതിയ ഉത്തരവുകളില്‍ താമസിയാതെ ഇളവ് വരുത്തേണ്ടി വരുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.
ഏതായാലും കേന്ദ്ര-,സംസ്ഥാന ഭരണ കൂടങ്ങള്‍ പ്രശ്‌നം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. മന്ത്രിമാര്‍ സഊദി ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തി കേരളീയരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന വാക്കും കേട്ട് മടങ്ങിപ്പോന്നത് കൊണ്ടായില്ല. തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്ര പാക്കേജ് ആവിഷ്‌കരിക്കുകയും ആവശ്യമായ തുക വകിയിരുത്തുകയും ചെയ്യേണ്ടതുണ്ട്. പൊതുമുതല്‍ ധൂര്‍ത്തടിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷന് വീണ്ടും നാല് കോടി രൂപ അനുവദിക്കാന്‍ സൗമനസ്യംകാണിക്കുകയും സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ മികച്ച പങ്ക് വഹിച്ച പ്രവാസികളുടെ പുനരധിവാസത്തിന് ബജറ്റില്‍ തുക നീക്കിവെക്കാന്‍ പിശുക്ക് കാണിക്കുകയും ചെയ്യുന്ന നയം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട്.