ജയിലുകള്‍ നിറയുന്ന യുവാക്കളും പ്രത്യേക കോടതിയും

Posted on: March 30, 2013 6:00 am | Last updated: March 31, 2013 at 2:53 pm
SHARE

courtഒരു വ്യവസ്ഥക്ക് ഇങ്ങനെയൊക്കെ ചീത്തയാകാന്‍ കഴിയും. ഒരര്‍ധ ഫാസിസത്തിന്റെ സ്വഭാവം പ്രകടിപ്പിക്കാനും കഴിയും; അതിനൊരടിയന്തരാവസ്ഥ തന്നെ വേണമെന്നില്ലെന്ന് ഓര്‍മപ്പെടുത്തുകയാണ് നമ്മുടെ ജയിലുകള്‍. അവിടെ ഭീകരാക്രമണ, തീവ്രവാദി കേസുകളില്‍ കുറ്റാരോപിതരായി അനിശ്ചിതമായി തടവിലാക്കപ്പെട്ട യുവാക്കള്‍. എന്തോ ചെറിയ ചില പിശകുകള്‍ പറ്റിയെന്ന്, അല്ലെങ്കില്‍ ഇത്രത്തോളം വേണ്ടിയിരുന്നില്ല എന്ന് ഇന്ത്യന്‍ ഭരണസംവിധാനത്തിന് പോലും തോന്നിത്തുടങ്ങി എന്നല്ലേ ഇവരുടെ കാര്യത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള ആലോചന സൂചിപ്പിക്കുന്നത്?
‘ഹായ് പ്രത്യേക കോടതി’ എന്ന് തുള്ളിച്ചാടാന്‍ കഴിയാത്ത സാമൂഹിക സാഹചര്യമാണ് ഇവിടെ, ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചുള്ളത്. അല്ലെങ്കിലും അത്തരമൊരു മാനസികാവസ്ഥയിലല്ല അവരിപ്പോള്‍. സ്വാഗതം ചെയ്യാനോ ചെയ്യാതിരിക്കാനോ പറ്റാത്ത സവിശേഷമായ അവസ്ഥ. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ട് രാഷ്ട്രീയത്തില്‍ കണ്ണ് നട്ടു നടത്തുന്ന നാടകം എന്ന നിലക്ക് മാത്രമല്ല, ഈ കോടതികള്‍ ആഹ്ലാദകരമായി തോന്നാത്തത്. മറിച്ച് കരിനിയമങ്ങള്‍ നിര്‍മിച്ചുവെക്കുകയും അത് ഭേദഗതികളിലുടെ കൂടുതല്‍ മനുഷ്യത്വവിരുദ്ധമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ മുറിച്ചു കടക്കാന്‍ ഈ കോടതികള്‍ക്ക് കഴിയുമെന്ന് ആരും വിചാരിക്കുന്നില്ല. ഇവയുടെ പരിമതികള്‍ ഏറെക്കുറെ ഉറപ്പാണ്. ആഭ്യന്തര മന്ത്രിക്കിത് തന്റെ ഹിന്ദുത്വ തീവ്രവാദ പ്രസ്താവനയും അതിന് പരിഹാരക്രിയയായി നടത്തിയ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കലും അതിനെതിരെയുയര്‍ന്ന വിമര്‍ശങ്ങളുമൊക്കെ ചേര്‍ന്ന തൂക്കമൊക്കിപ്പിക്കലുകളുടെ ഒരു തുടര്‍ച്ചയാകാമിത്. ന്യൂനപക്ഷ മന്താലയത്തിനും കോണ്‍ഗ്രസിനും ഇതില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാം. പക്ഷേ, ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും അവര്‍ക്കതങ്ങനെയല്ലല്ലോ.
അനന്തമായ കാരാഗൃഹ ജീവിതം നയിച്ച് മനസ്സും ശരീരവും ശോഷിച്ചപോയ മനുഷ്യര്‍ക്ക് മിന്നാമിനുങ്ങിന്റെ വെട്ടമെന്ന തോന്നലെങ്കിലുമുണ്ടാക്കുന്നു എന്നാശ്വസിക്കാം. ചെറിയൊരു പ്രതീക്ഷ. എന്നാല്‍ ഇതൊരു ദാക്ഷിണ്യമാണോ? ഭരണകൂടം നല്‍കുന്ന ഔദാര്യമായി കാണേണ്ടതുണ്ടോ? ഇത്തരമൊരു അവസ്ഥയിലേക്ക് ഈ മനുഷ്യരുടെ ജീവതം എടുത്തെറിഞ്ഞത് ഭരണകൂടമല്ലേ? അറബി/ ഉറുദു ചുവയുള്ള പേര്, അഗ്രം ഛേദിച്ച ലിംഗം, താടി, തലപ്പാവ് തുടങ്ങിയ അടയാളങ്ങള്‍ തീവ്രവാദത്തിന് മതിയായ തെളിവായ കാലമാണിത്. അത്തരം തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ജയിലിലകപ്പെട്ടവര്‍ ചെറിയൊരു ശതമാനം തന്നെയെങ്കിലുമുണ്ടാകുമെന്ന് ഉറപ്പാണല്ലോ. അത്തരക്കാര്‍ക്ക് ‘നീതി നടപ്പാക്കാന്‍’ ശ്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും അത് വലിയൊരു മഹാകൃത്യമായും ന്യൂനപക്ഷ അനുകമ്പയായും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് എത്ര അസംബന്ധമായിരിക്കും?
ഒരു ഭാഗത്ത് കേസുകളില്‍ കുടുക്കിയിടുക. എന്നിട്ട് പ്രത്യേക കോടതികള്‍ എന്ന ഔദാര്യം നല്‍കുക. അങ്ങനെ ‘പ്രതീതി ജനാധിപത്യ’വും ‘പ്രതീതി നീതിന്യായ’വും ‘പ്രതീതി മതേതരത്വ’വും ജനിപ്പിക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ഒരു വിഭാഗം മനുഷ്യര്‍ മാത്രം ഇങ്ങനെയെങ്ങനെ ജയിലിനകത്ത് കടന്നു കൂടി എന്ന ചോദ്യത്തിന്് ആദ്യം ഉത്തരം കാണേണ്ടതില്ലേ? അതിന്റെ പരിഹാരത്തിലേക്കെത്തുമ്പോള്‍ ഭരണകൂടത്തിന് കൈ വിറക്കുന്നു. ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സയ്യിദ് ലിയാഖത്ത് ഷാ പോലുള്ളവര്‍ നമ്മുടെ മുമ്പില്‍ പെടുന്നത്.
ക്രൂരമായ കരിനിയമങ്ങള്‍ പിന്നെയും പിന്നെയും പടച്ചുണ്ടാക്കുകയും അതിന്റെ പേരില്‍ പതിനായിരങ്ങളെ ബലിയാടാക്കുകയും അത്തരം ഹതഭാഗ്യര്‍ക്ക് ‘സൂചിക്കുഴലിലൂടെ ഒട്ടകത്തെ കടത്തുന്ന’ വ്യവസ്ഥകളുള്ള കോടതികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. സംശയം തോന്നുന്ന ആരെയും വെടിവെച്ചുകൊല്ലാനും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ അനന്തമായി അവിടെ പാര്‍പ്പിക്കാനും നിയമം അനുവദം നല്‍കുമ്പോള്‍ പിന്നെ ഇത്തരം ഓട്ടയടക്കല്‍ നടപടികള്‍ക്ക് എന്ത് പ്രസക്തി? സത്യസന്ധമാണെങ്കില്‍ ഇത്തരത്തിലുള്ള ദുരുപയോഗങ്ങളെക്കുറിച്ച് നിയമം ചുട്ടെടുക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതില്ലേ?
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. പണ്ടൊക്കെയാണെങ്കില്‍ ഈയൊരു കോടതിപ്രഖ്യാപനം മാത്രം മതിയായിരുന്നു മുസ്‌ലിം ജനസാമാന്യത്തിന് 2014ല്‍ യു പി എയെ പിന്തുണക്കാന്‍ കാരണമായിട്ട്. എന്നാല്‍, മുസ്‌ലിം നേതൃത്വം ഇപ്പോള്‍ കൃത്യമായ തിരിച്ചറിവില്‍ എത്തിയിരിക്കുന്നു. എളുപ്പത്തില്‍ ചൂണ്ടയില്‍ കുടുങ്ങരുതെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. മുസ്‌ലിം സമൂഹത്തിനും നല്ല ബോധ്യമുണ്ട്. അവരത് മനസ്സിലാക്കുന്നു എന്ന് പൊതു സമൂഹത്തിനും മനസ്സിലാകുന്നുണ്ട്.
ഇപ്പോള്‍ വിവാദമായിരിക്കുന്ന സയ്യിദ് ലിയാഖത്ത് ഷായുടെ സംഭവം തന്നെയെടുക്കുക. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായി തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താനെത്തിയ ‘ഹിസ്ബുള്‍’ കമാഡറെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുന്നു. ഇതിനായി ആത്മഹത്യാ സ്‌ക്വാഡ് രൂപവത്കരിക്കാനാണ് ഇയാള്‍ ഇവിടെ എത്തിയത് എന്ന് പോലീസ് അറിയിക്കുന്നു. ആക്രണമണത്തിന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കാശ്മീര്‍ വഴി ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിക്കുന്നു എന്ന് പോലീസ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജുമാമസ്ജിദിന്റെ പരിസരത്തെ ലോഡ്ജില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നു. (ഭീകരര്‍ക്ക് ആയുധം സൂക്ഷിക്കാന്‍ ഇത്ര സുരക്ഷിതമായ ഇടം ജുമാ മസ്ജിദിന് സമീപമല്ലാതെ മറ്റെവിടെ?)
എന്നാല്‍, സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങിയ ആളാണ് തിരിച്ചുവരുമ്പോള്‍ പിടിയിലായ ലിയാഖത്ത് ഷാ എന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാറും പോലീസും വ്യക്തമാക്കുന്നു. ഭാര്യക്കും മകള്‍ക്കുമൊപ്പം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സനൗലി ചെക്ക്‌പോസ്റ്റ് കടക്കുമ്പോഴാണ് ഇദ്ദേഹം അറസ്റ്റിലായത്. സംഭവം ഇപ്പോള്‍ എന്‍ ഐ എ അന്വേഷിക്കുകയാണ്.(കഥ പൊളിഞ്ഞിരുന്നില്ലെങ്കില്‍ മേജര്‍ രവിക്ക് ഒരു സിനിമ എടുക്കാമായിരുന്നു)
സുരക്ഷാ ഏജന്‍സികളുടെ ഏകോപനമില്ലായ്മയാണ് അറസ്റ്റിന് കാരണം എന്നത് ശരിയാണ്. (ഇതിന്റെ പേരില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം വേണമെന്ന് ആഭ്യന്തര മന്ത്രിക്ക് വാദിക്കാവുന്നതാണ്.) എന്നാല്‍ അവിടെ മാത്രം അവസാനിക്കുന്നില്ല കാര്യങ്ങള്‍. ബാക്കി കഥകള്‍ എവിടെ നിന്ന് വന്നു? അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷക്ക് പ്രതികാരം ചെയ്യാന്‍ വന്നതും അത് ഹോളി ആഘോഷത്തിനിടെ നടത്താന്‍ തീരുമാനിച്ചതും ആരാണ്? ഇയാള്‍ കീഴടങ്ങാന്‍ വന്നതാണെങ്കില്‍ ജുമാ മസ്ജിദ് പരിസരത്തെ ലോഡ്ജില്‍ നിന്ന് ആയുധങ്ങള്‍ ‘പിടിച്ചെടുത്ത’തെങ്ങനെ? ആ ആയുധങ്ങള്‍ ആരുടെത്? ആ എ കെ 56 തോക്ക്, രണ്ട് സെറ്റ് തിരകള്‍, മൂന്ന് ഗ്രനേഡ് 220, ഗ്രാം സ്‌ഫോടക വസ്തു, ഡല്‍ഹി നഗരത്തിന്റെ ഭൂപടം ഇവയെല്ലാമുണ്ടല്ലോ. അത് അവിടെ കൊണ്ടുവെച്ചതാരാണ്?
ഇങ്ങനെയാണോ എല്ലാവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കാറുള്ളത്? കേസുകള്‍ കെട്ടിച്ചമക്കപ്പെടുന്നുണ്ടോ? കാശ്മീര്‍ പ്രതിപക്ഷ നേതാവ് മഹ്ബൂബ മുഫ്തി ആരോപിക്കുന്നത്, പോലീസ് ഓഫീസര്‍മാര്‍ മെഡലുകള്‍ സ്വന്തമാക്കാന്‍ തെളിവൊന്നുമില്ലെങ്കിലും കാശ്മീരികളെ പിടികൂടുകയാണെന്നാണ്. ആന്ധ്ര സര്‍ക്കാര്‍ കുറച്ച് മുമ്പ് ഏതാനും മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരമായി ഓട്ടോ റിക്ഷ നല്‍കിയിരുന്നു. തീവ്രവാദക്കേസില്‍ കുടുക്കിയെങ്കിലും തെളിവില്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം വെറുതെ വിട്ടതിനായിരുന്നു അത്. എന്നാല്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നതിനെതിരെ ചെറിയൊരു അന്വേഷണം പോലും എവിടെയും ഉണ്ടാകുന്നില്ല. അതിന് കാരണമായി പറയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ്. ജനാധിപത്യ ഭരണത്തിലും ജനങ്ങളുടെ മനോവീര്യത്തേക്കാള്‍ പ്രധാനം സുരക്ഷാ വിഭാഗങ്ങളുടെതാകുമ്പോള്‍ ജയിലുകളില്‍ നീതി നിഷേധിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടുന്നതില്‍ അതിശയമില്ല. അത് തിരുത്താനാകുമോ എന്നതാണ് ചോദ്യം. അത്ര വേഗം കെടുന്നതൊന്നുമല്ല ഉദ്യോഗസ്ഥരുടെ മനോവീര്യമെന്ന് സര്‍ക്കാറിനും അറിയാഞ്ഞിട്ടല്ല. എന്നാല്‍ ഒരു തീവ്രവാദ ബഹളം വാര്‍ത്തയില്‍ നിറഞ്ഞുകിട്ടിയാല്‍ ആ അസുലഭ നിമിഷത്തില്‍ ഒരുപാട് ഇടപാടുകള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും ഉന്നതര്‍ക്ക്. പ്രതിസന്ധികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും ഭരണവര്‍ഗത്തിന് ഉപകരിക്കുമത്. സാധ്യതയുടെ വലിയ ലോകത്താണ് എല്ലാവരും. അതുകൊണ്ട് കൂടുതല്‍ പ്രതീക്ഷിക്കരുത്.
ഒരു വ്യക്തി ചെയ്യുന്ന തെറ്റ് പോലെയല്ല, അത് ഔദ്യോഗിക സംവിധാനം ചെയ്യുന്നത്. അവിടെ വ്യവസ്ഥയുടെ സഹായവും പിന്തുണയും സൗജന്യങ്ങളുമുണ്ട്. എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നതെന്തുകൊണ്ടാകാം?
ഇന്ത്യന്‍ ജയിലുകളെക്കുറിച്ച്, ഇവിടുത്തെ അറസ്റ്റുകളെക്കുറിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗിന് സമയം വൈകിയിരിക്കുന്നു. ന്യൂനപക്ഷങ്ങളും ദളിതരുള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളും ജയില്‍ നിറഞ്ഞ് തുളുമ്പുന്നതിന്റെ പൊരുള്‍ കൃത്യമായി അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്.