കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും

Posted on: March 30, 2013 5:58 am | Last updated: March 30, 2013 at 2:10 pm
SHARE

തിരുവനന്തപുരം:സഊദി അറേബ്യയിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള നിതാഖാത് നിയമം കര്‍ശനമാക്കിയത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സഊദിക്ക് പുറമെ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും സ്വദേശിവത്കരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രവാസി നിക്ഷേപം കേരളത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ലാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ ഏറ്റവും പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 55,000 കോടി രൂപയാണ് പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയച്ചത്. യു എ ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം കേരളത്തിലേക്ക് വരുന്നതും സ്വദേശിവത്കരണ ഭീഷണി നേരിടുന്ന സഊദി അറേബ്യയില്‍ നിന്നാണ്.സംസ്ഥാന ബേങ്കിംഗ് അവലോകന സമിതി മൂന്ന് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ ബേങ്കുകളിലുള്ള പ്രവാസി നിക്ഷേപം 62,708 കോടി രൂപയാണ്. 2012 മാര്‍ച്ചിന് ശേഷം 14,254 കോടി രൂപയുടെ വര്‍ധനവ് പ്രവാസി നിക്ഷേപത്തിലുണ്ടായെന്ന് ബേങ്കിംഗ് റിവ്യു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3.371 കോടിയാണ്. ആകെ പ്രവാസി നിക്ഷേപം 62,708 കോടി രൂപയും. ദേശീയ ശരാശരിയുടെ 31 ശതമാനമാണിത്. പ്രവാസി നിക്ഷേപം ഒഴിച്ചു നിര്‍ത്തയാല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 50,000 രൂപയില്‍ താഴെയാണ്. പ്രവാസി നിക്ഷേപം കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇത് 60,000ത്തിലെത്തുന്നു. കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 1.8 ശതമാനം കൂടുതലാണ് പ്രവാസി വരുമാനമെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിന്റെ 5.5 മടങ്ങും സംസ്ഥാനത്തെ പദ്ധതിയേതര ചെലവിന്റെ 2.3 മടങ്ങുമാണിത്. ആകെയുള്ള പ്രവാസി നിക്ഷേപമെടുത്താല്‍ സംസ്ഥാനത്തിന് നിലവിലുള്ള കടബാധ്യതയുടെ 70 ശതമാനവും നികത്താന്‍ കഴിയുമെന്നും കണക്കുകള്‍ തെളിയിക്കുന്നു. കയറ്റുമതി രംഗത്ത് നിന്നുള്ള വരുമാനത്തിന്റെ പതിന്മടങ്ങ് വരുമിത്. പ്രധാന നാണ്യവിളകളിലൊന്നായ കശുവണ്ടി കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തിന്റെ 36 മടങ്ങും സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തിന്റെ 30 മടങ്ങുമാണ് പ്രവാസി വരുമാനം. സാമ്പത്തിക മാന്ദ്യം പോലും ഗള്‍ഫ് മലയാളികളെ ബാധിച്ചില്ലെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം അതിന്റെ പാരമ്യത്തിലെത്തിയ ഘട്ടത്തില്‍പ്പോലും പ്രവാസി വരുമാനത്തില്‍ വലിയ കുറവുണ്ടായില്ലെന്നാണ് സി ഡി എസ് ഫാക്കല്‍റ്റി കെ സി സക്കറിയ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പൊതുവെയും മറ്റു സംസ്ഥാനങ്ങളെ പ്രത്യേകിച്ചും സാമ്പത്തിക മാന്ദ്യം ചെറിയ അളവിലെങ്കിലും പ്രതികൂലമായി ബാധിച്ചപ്പോള്‍ കേരളത്തില്‍ പ്രവാസി നിക്ഷേപത്തിന്റെ അളവ് വര്‍ധിക്കുകയായിരുന്നു.

സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ നേരിട്ടും അതിന്റെ പതിന്മടങ്ങ് പരോക്ഷമായും പ്രവാസികളെ ആശ്രയിച്ച് കഴിയുന്നവരാണ്. സ്വദേശിവത്കരണത്തിന്റെ തിരിച്ചടി ആദ്യം നേരിടുന്നതും ഇവര്‍ തന്നെയാകും. 1990-91ലെ ഗള്‍ഫ് യുദ്ധകാലത്തുണ്ടായതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് രണ്ടര ലക്ഷത്തോളം മലയാളികളാണ് അന്ന് തിരിച്ചുവന്നത്. എന്നാല്‍, യുദ്ധ സാഹചര്യം നീങ്ങിയതോടെ ഇവരില്‍ പലര്‍ക്കും തിരിച്ചു പോകാന്‍ കഴിഞ്ഞു. സമാന സാഹചര്യമല്ല ഇപ്പോഴുള്ളത്. സ്വദേശിവത്കരണമായതിനാല്‍ തിരിച്ച്‌പോക്കിന്റെ നിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്നുറപ്പാണ്. പ്രവാസികള്‍ ഏറെയുള്ള മലപ്പുറം ജില്ലയെയാണ് നിതാഖാത് നിയമം കാര്യമായി ബാധിക്കുക. പ്രവാസി നിക്ഷേപം ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. താലൂക്ക് അടിസ്ഥാനത്തില്‍ നിക്ഷേപം കൂടുതല്‍ കൊല്ലത്ത് നിന്നാണ്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 1.2 ശതമാനം മാത്രം. മതവിഭാഗങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്‌ലിംകളെയാണ്. പ്രവാസി നിക്ഷേപത്തില്‍ 34.7 ശതമാനം മുസ്‌ലിംകളുടെ നിക്ഷേപമാണ്. 11.3 ശതമാനമാണ് ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ളവരുടെ നിക്ഷേപം.