Connect with us

Kerala

മലയാളികള്‍ മടങ്ങിത്തുടങ്ങി

Published

|

Last Updated

കോഴിക്കോട്/കെണ്ടോട്ടി: സഊദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖത്ത് നിയമം മൂലം ജോലിക്കു ഭീഷണി നേരിടുന്ന മലയാളികളടക്കമുള്ളവര്‍ സഊദി വിട്ടു തുടങ്ങി. പതിനാറ് മലയാളികള്‍ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെ പേരും. ദമാമില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലും റിയാദ്, ജിദ്ദ സെക്ടറില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സ് വിമാനത്തിലും നിറയെ യാത്രക്കാരായിരുന്നു. ഇവരില്‍ പലരുടെയും പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് എന്നാണ് അടച്ചിരിക്കുന്നത്. നാട്ടിലെത്തിയവരില്‍ പലരും അവധിക്കാണെത്തിയതെങ്കിലും തിരിച്ച് ചെല്ലുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
താഴ്ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്വദേശിവത്കരണം ഏറെ ബാധിക്കുക. സഊദിയില്‍ കര്‍ശന പരിശോധനയാണെന്ന് ഇന്നലെ കരിപ്പൂരില്‍ തിരിച്ചെത്തിയ കൊടുവള്ളി സ്വദേശി അശ്‌റഫ് പറഞ്ഞു.
കടകളിലും താമസസ്ഥലങ്ങളിലും പരിശോധന കര്‍ശനമാണ്. അനധികൃത താമസക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് വിധിക്കപ്പെടുന്നത്.
സഊദി സെക്ടറില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങള്‍ കരിപ്പൂരിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും നിരവധി പേര്‍ എത്തുമെന്നാണ് സൂചന.
അടുത്ത ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാകാനാണു സാധ്യത. അതിനാല്‍ പിടിക്കപ്പെടുന്നതിന് മുമ്പേ നാട്ടിലേക്ക് തിരിച്ചു വിമാനം കയറാനാണ് മലയാളികളുടെ ശ്രമം.
എല്ലാ കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും 30 ശതമാനം സ്വദേശികളെ കര്‍ശനമായും ജീവനക്കാരായി നിയമിക്കണമെന്ന നിതാഖത്ത് നിയമം നടപ്പാക്കുന്നതാണു സഊദിയിലെ ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്.