Connect with us

Kerala

ശുദ്ധജല പദ്ധതിയായി; പ്രതീക്ഷാ ഭവന് കാന്തപുരത്തിന്റെ കാരുണ്യ സ്പര്‍ശം

Published

|

Last Updated

തവനൂര്‍:വടക്കേതില്‍ നാരായണന്‍ നായര്‍ക്ക് ഇത് സന്തോഷ നിര്‍വൃതി. തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസിയായ 88കാരന്‍ നാരായണന്‍ നായര്‍ക്കാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളയാത്രാ വേളയില്‍ കൈപ്പിടിച്ച് ഉറപ്പ് നല്‍കിയത്. വാഗ്ദാനങ്ങള്‍ ചൊരിയാന്‍ രാഷ്ട്രീയ തമ്പുരാക്കന്മാരൊക്കെ എത്താറുണ്ടെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ലെന്നത് നാരായണന്‍ നായര്‍ക്ക് അനുഭവ സാക്ഷ്യം. എന്നാല്‍ മതപണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ വാഗ്ദാന പാലനത്തിലൂടെ മാതൃക സൃഷ്ടിച്ചിരിക്കയാണ്. പ്രതീക്ഷ നഷ്ടപ്പെട്ട പ്രതീക്ഷാ ഭവനിലെ അഗതികളും അനാഥരുമായ കുരുന്നുകള്‍ക്കും ഇവിടെയെത്തിയ ഉസ്താദിനെ കുറിച്ച് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ മുമ്പിലെത്തിയ ഗുരുവര്യര്‍ സ്‌നേഹതണലാണെന്ന് അവര്‍ എളുപ്പം തിരിച്ചറിഞ്ഞു. പിന്നെ അവര്‍ ആവലാതികളും ആവശ്യങ്ങളും കാന്തപുരത്തിന് മുമ്പില്‍ നിരത്തുകയായിരുന്നു. കൂട്ടത്തില്‍ നാരായണന്‍നായരാണ് ഉസ്താദേ എന്ന് നീട്ടിവിളിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടത്. ജീവിതസായാഹ്നത്തില്‍ മക്കളുടെ സ്‌നേഹത്തിനായി കൊതിക്കുന്ന വൃദ്ധ മാതാപിതാക്കളുടെയും ആരോരുമില്ലാത്ത അഗതികളുടെയും അടിയന്തരാവശ്യം കാന്തപുരം ചോദിച്ചറിഞ്ഞു. കുടിവെള്ളം തന്നെയാണ് മുഖ്യപ്രശ്‌നമെന്ന് ഉസ്താദ് തിരിച്ചറിഞ്ഞു. പ്രതീക്ഷാഭവന്‍, മഹിളാമന്ദിരം, റസ്‌ക്യൂ ഹോം, വൃദ്ധമന്ദിരം, ചില്‍ഡ്രന്‍സ് ഹോം എന്നീ സ്ഥാപനങ്ങളിലെ ഇരുനൂറിലേറെ അന്തേവാസികള്‍ക്ക് ഇനി സ്വന്തം കിണറില്‍ നിന്നും വെള്ളം കുടിക്കാം. സമീപ പ്രദേശങ്ങളില്‍ നിന്ന് തലച്ചുമടായി അന്തേവാസികള്‍ തന്നെ വര്‍ഷങ്ങളായി കുടിവെള്ളം കൊണ്ടുവന്നിരുന്ന ദുരവസ്ഥക്ക് ഇതോടെ പരിഹാരമാകുകയാണ്. സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള തവനൂരിലെ അഞ്ച് സ്ഥാപനങ്ങളിലെ അശരണര്‍ക്കായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ സമര്‍പ്പണം നാളെ നടക്കും. ഇരുപത്തി ഏഴ് കോല്‍ താഴ്ച്ചയിലും പതിനാറ് അടി ചുറ്റളവിലും കിണര്‍ നിര്‍മിച്ചതിന് പുറമെ അഞ്ച് സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് മോട്ടോറും നാലായിരം ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെക്കുന്നതിനുള്ള ജലസംഭരണിയുമാണ് ഒരുങ്ങിയിട്ടുള്ളത്. ഈ പദ്ധതിക്ക് വേണ്ടി ചെലവഴിച്ച മൂന്ന് ലക്ഷം രൂപ സംഘടനയുടെ പ്രവാസി ഘടകമായ ഐ സി എഫിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്താണ് സ്വരൂപിച്ച് നല്‍കിയത്. പ്രതീക്ഷാഭവന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ഡോ. കെ ടി ജലീല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ബശീര്‍ പറവന്നൂര്‍, സ്വാദിഖ് സഖാഫി, മുഹമ്മദലി വാരിയത്ത്, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പ്രസംഗിക്കും.

Latest