ദൈവത്തെ കാണാന്‍ അഞ്ച് പേര്‍ ജീവനൊടുക്കി

Posted on: March 29, 2013 4:11 pm | Last updated: March 29, 2013 at 4:11 pm
SHARE

jaipurജയ്പൂര്‍: മരണശേഷം ദൈവത്തെ കാണാമെന്ന വിശ്വാസത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ജീവനൊടുക്കി. സയനൈഡ് കലര്‍ത്തിയ ലഡു കഴിച്ചാണ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ മധോപൂര്‍ ജില്ലയിലെ സവായിലാണ് സംഭവം. മരിക്കുന്നതിന് മുമ്പ് ഈ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

മൂന്ന് കുട്ടികളുള്‍പ്പെടെയുള്ള എട്ടംഗ കുടുംബമാണ് സയനൈഡ് കലര്‍ന്ന ലഡു കഴിച്ചത്. മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ പ്രാര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയേയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മരിക്കുന്നതെന്നും എന്താണ് അപ്പോഴുള്ള വികാരമെന്നും ഓരോരുത്തരോടും ഗൃഹനാഥനായ കാഞ്ചന്‍ സിംഗ് ചോദിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പിന്നീട് സിംഗ് തന്നെയാണ് ലഡു കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. സംഭവം കണ്ട ഇവരുടെ ഒരു ബന്ധു ഉടന്‍ തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, അഞ്ച് പേര്‍ തത്ക്ഷണം മരിച്ചു.

കാഞ്ചന്‍ സിംഗിനെ കൂടാതെ ഭാര്യ നീലം, സഹോദരന്‍ ദീപ് സിംഗ്, മക്കളായ പ്രദ്യുമ്‌നന്‍, റിനി എന്നിവരാണ് മരിച്ചത്.
അന്ധമായി മതവിശ്വാസം കൊണ്ടുനടക്കുന്നവരാണ് ഇവരെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മതപരമായ പരമ്പരകള്‍ മാത്രമാണ് ഇവര്‍ ടിവിയില്‍ കണ്ടിരുന്നതത്രെ.