കേരളത്തിന്റെ നടുവൊടിക്കുന്ന സഊദി സ്വകാര്യവത്കരണം

Posted on: March 29, 2013 4:02 pm | Last updated: April 1, 2013 at 8:05 am
SHARE
NITAQAT_0
സഊദി തൊഴില്‍ മന്ത്രി ആദില്‍ ഫകീഹ് (വലത്) നിതാഖാത് നിയമത്തെ കുറിച്ച് വിശദീകരിക്കുന്നു. (ഫയല്‍ ചിത്രം)

കുടിയേറ്റക്കാരുടെ പെരുപ്പം സ്വന്തം ജനതയുടെ എണ്ണത്തെ മറികടന്നതോടെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനും, സ്വന്തം നാട്ടിലെ തൊഴില്‍രഹിതര്‍ക്ക് ജോലി ഉറപ്പാക്കുന്നതുമുള്‍പ്പെടെ സഊദി ഗവണ്‍മെന്റ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത് കേരളത്തിന്റെ നടുവൊടിക്കുമെന്നുറപ്പായി. നിതാഖാത്ത് നിയമം കര്‍ശനമാക്കുകയും ഫ്രീ വിസക്കാര്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതോടെ സഊദിയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിന് ശക്തി കൂടി. ദിനംപ്രതി 150-165നും ഇടയില്‍ സഊദിയില്‍ നിന്ന് തിരിക്കുന്ന പ്രവാസികളില്‍ 15 ശതമാനത്തിലേറെ മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് സഊദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ സഊദിയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ചുവരവിന് ആക്കം കൂടും. സഊദി തൊഴില്‍ സഹമന്ത്രി മുഫ്‌റാജ് അല്‍ ഹഖാനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഫ്രീ വിസക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂടിയത്. ഇതോടെ സഊദിയിലെ വ്യാപാര കേന്ദ്രങ്ങളില്‍ മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
മലയാളികള്‍ കൂടുതലുള്ള റിയാദ്, ബത്ത്ഹ, അല്‍ഹസ്സ, ഷറഫിയ്യ, ദമാം, ജിദ്ദ, ഹായില്‍, ബുറൈദ, ജിസാന്‍, അബഹ എന്നിവിടങ്ങളില്‍ ശക്തമായ തിരച്ചിലാണ് നടക്കുന്നത്. രാത്രികാലങ്ങളിലും പുലര്‍ച്ചെ സമയത്ത് പോലും പോലീസ് ഇഖാമ പരിശോധനക്കെത്തുന്നതായി പ്രവാസികള്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളായ തുണിക്കടകള്‍, ജ്യൂസ് കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ഭീഷണി നേരിടുന്ന മലയാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ഉള്‍പ്പെടെ മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. മൊത്തം മലയാളി പ്രവാസികളുടെ എണ്ണത്തില്‍ 40 ശതമാനത്തോളം പേരും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവര്‍. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം അഞ്ച് ലക്ഷം പേരാണ് സഊദിയിലുള്ളത്. പുതിയ നിയമം പ്രധാനമായും ഫ്രീ വിസക്കാര്‍ ഏറെ പ്രവര്‍ത്തിക്കുന്ന സഊദിയിലെ നിര്‍മാണ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചത്.
സഊദി സര്‍ക്കാറിന്റെ പുതിയ നീക്കം കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിമാസ റവന്യൂ വരുമാനത്തിന്റെ ഒന്നര ഇരട്ടിയിലധികം വരുന്ന പ്രവാസി വരുമാനത്തെ ബാധിക്കുന്ന പ്രതിസന്ധി കേരളത്തിന് വന്‍ തിരിച്ചടിയാകും. ഒപ്പം കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയുള്‍പ്പെടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയും ഇത് ദുരിതത്തിലാക്കും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഇടക്കിടെ പുതിയ പുതിയ നിയമങ്ങള്‍ കൊണ്ടുവരാറുണ്ടെങ്കിലും ഇത്രമേല്‍ കര്‍ശനമായി നിയമം നടപ്പിലാക്കുന്നത് ആദ്യമാണ്.
സഊദി രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിസഭയുടെ തീരുമാന പ്രകാരം ഒരു യൂറോപ്യന്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലത്തിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യവത്കരണ പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഊദി തൊഴില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഫ്രീ വിസയില്‍ സഊദിയിലെത്തിയ പല മലയാളികളും ഒളിച്ചു കഴിയുകയാണ്. പലരും പിടികൊടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിന് തയ്യാറെടുക്കുകയുമാണ്. സഊദിയിലെ 18 ലക്ഷത്തോളം അനുമതിയുള്ള കമ്പനികളില്‍ രണ്ടര ലക്ഷം കമ്പനികളില്‍ ഇപ്പോഴും ജോലിക്കാരുടെ എണ്ണത്തില്‍ 95 ശതമാനത്തിലധികം വിദേശികളാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. സ്വദേശിവത്കരണത്തിന്റെ ഭാഗമായ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയത് ആകെ കമ്പനികളില്‍ 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തിലാണ് കര്‍ശ നടപടികളുമായി മുന്നോട്ട് പോകാന്‍ സഊദി ഭരണകൂടം തീരുമാനിച്ചത്. പുതിയ നടപടികളുടെ പശ്ചാതലത്തില്‍ സഊദിയിലെ 80 ശതമാനത്തിലധികം ചെറുകിട സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് ഭീഷണി നേരിടുന്നത്.
കേരള പ്രവാസികാര്യ വകുപ്പിന് വേണ്ടി സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ രാജ്യാന്തര കുടിയേറ്റ ഗവേഷണ കേന്ദ്രം സര്‍വേ പ്രകാരം സംസ്ഥാനത്തെ 100 വീടുകളില്‍ 44 വീടുകളിലും ഒരാള്‍ വീതം പ്രവാസി ജീവിതം നയിക്കുന്നവരോ പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വന്നവരോ ആണെന്നാണ് കണക്ക്. സംസ്ഥാനത്ത് നിന്നുള്ള പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ നിന്നാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 2011 ല്‍ പ്രവാസി മലയാളികള്‍ കേരളത്തിലേക്കയച്ചത് രാജ്യത്തിന് മൊത്തം ലഭിച്ച വിദേശ നാണ്യത്തിന്റെ കണക്കില്‍ നിന്ന് ആനുപാതിമായി വിഭജിച്ചാല്‍ 49,695 കോടി രൂപയാണ്. ബേങ്ക് – ബേങ്ക് ഇതര ഇടപാടുകള്‍ മുഖേന സ്വന്തം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മലയാളി പ്രവാസികള്‍ ഇക്കാലയളവില്‍ 15,129 കോടി രൂപ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധി കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിവരും. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രവാസികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ സമീപനത്തിനപ്പുറം കൂടുതലൊന്നും സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പ്രവാസികളുടെ പ്രതികരണം.
NITAQATഅതേസമയം സഊദിയിലെ തൊഴില്‍ വകുപ്പിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 18 ലക്ഷത്തോളം വരുന്ന കമ്പനികളും സ്വകാര്യ വ്യക്തികളും തൊഴില്‍ വകുപ്പില്‍ നിന്ന് സംഘടിപ്പിക്കുന്ന വിസകളില്‍ ഏജന്റുമാരെ ഉപയോഗിച്ച് പണം വാങ്ങി കൊണ്ടുവരുന്ന തൊഴിലാളികളെ പ്രതിവര്‍ഷം നിശ്ചിത തുക നിശ്ചയിച്ച് പുറത്ത് ജോലിയെടുക്കാന്‍ വിടുന്ന രീതിയാണ് ഫ്രീ വിസയുടെ പേരില്‍ നടന്നു വരുന്നത്. എന്നാല്‍ ഇങ്ങനെ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുമായി, നല്‍കുന്ന പണത്തിന്റെ പേരിലും മറ്റുമുണ്ടാകുന്ന തര്‍ക്കത്തെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ തങ്ങള്‍ കൊണ്ടുവന്ന തൊഴിലാളികള്‍ ഓടിപ്പോയെന്ന് കാണിച്ച് വിസ റദ്ദാക്കുകയും പുതിയ വിസ അനുവദിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഏറെ നാളായി തുടര്‍ന്ന് വരുന്നുണ്ട്. ഇതൊന്നുമറിയാതെ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ പിടിക്കപ്പെടുമ്പോഴാണ് തങ്ങള്‍ അനധികൃതമായി തങ്ങുന്നവരാണെന്നും തൊഴില്‍ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ വന്‍തുക പിഴയടക്കേണ്ടിവരുമെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് തിരിച്ചുവരാനാകില്ലെന്നുമുള്ള സത്യം അറിയുന്നത്. ഇത് ഒട്ടേറെ മലയാളി പ്രവാസികളെ ദുരിതത്തിലാക്കിയിരുന്നു. ഇത്തരം സംഭവങ്ങളില്‍പ്പെട്ട് ഇപ്പോഴും നിരവധി പേര്‍ ഗള്‍ഫുനാടുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നുണ്ട്.