കാറ്റും മഴിയും മലയോരത്ത് വന്‍ കൃഷി നാശം;പത്ത് വീടുകള്‍ തകര്‍ന്നു

Posted on: March 29, 2013 9:25 am | Last updated: March 29, 2013 at 9:25 am
SHARE

കാളികാവ്:ബുധനാഴ്ച വൈകുന്നേരം മലയോരത്ത് ആഞ്ഞ് വീശിയ കാറ്റോട് കൂടിയ ശക്തമായ മഴയില്‍ വന്‍ നാശം. ചോക്കാട് പഞ്ചായത്തില്‍ മാത്രം പത്ത് വീടുകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടി വീണ് പുല്ലങ്കോട് അയ്യപ്പക്ഷേത്രത്തിനും, സ്രാമ്പിക്കല്ലിലെ തമ്പീഉല്‍ ഇസ്‌ലാം മദ്‌റസക്കും കേട്പറ്റി.
സ്രാമ്പിക്കല്ല് ഭാഗത്താണ് കൂടുതല്‍ നാശം ഉണ്ടായത്. മങ്കരത്തൊടിക ആലി, അബ്ദുറ, പറമ്പത്ത് മൂസ, പണിക്കൊള്ളി സിറാജ്, പാറമ്മല്‍ കബീര്‍, നെയ്യപ്പാടന്‍ അയ്യൂബ്, പുല്ലങ്കോട് വെടിവെച്ചപാറയിലെ തടിയന്‍ ഫസില്‍, ഉദിരംപൊയിലില്‍ പറമ്പാടന്‍ അബ്ബാസ് എന്നിവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്. പണിക്കൊള്ളി സിറാജിന്റെ കുളിപ്പുരയും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഓടുകളും മരക്കൊമ്പുകളും വീണ് വീടുകളിലുണ്ടായിരുന്നവര്‍ക്ക് പരുക്കുപറ്റിയിരുന്നു. മേലേകാളികാവില്‍ രണ്ട് കിണറുകള്‍ ശക്തമായ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. കുരിക്കള്‍ ഷറഫുന്നീസ, പുതിയത്ത് കല്ല്യാണി എന്നിവരുടെ പത്ത് റിംഗുകള്‍ വീതമുള്ള കിണറുകളാണ് ഇടിഞ്ഞത്.
ശക്തമായ ഇടിമിന്നലില്‍ കേളുനായര്‍പടിയിലെ തച്ചിനേടത്ത് സുകുമാരന്റെ ഭാര്യ ജാനകി(44) ന് പരുക്കേറ്റു, വീടിന്റെ ടൈല്‍സ് ഉള്‍പ്പടെ ഇടിമിന്നലിന്റെ ആഘാതത്തില്‍ പൊട്ടിത്തെറിക്കുകയും, ടി വി ഉള്‍പ്പടെ യുള്ള സാധനങ്ങള്‍ കത്തിക്കരിയുകയും ചെയ്തു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉദിരംപൊയിലുനും പുല്ലങ്കോടിനും ഇടയില്‍ രണ്ടിടങ്ങളില്‍ മരം വീണ് ഗതാഗതം മുടങ്ങി. വൈദ്യുതി ലൈനിന് മുകളിലൂടെ നിരവധി സ്ഥലങ്ങളില്‍ മരം വീണതിനാല്‍ വൈദ്യുതി ബന്ധം ഇല്ലാതായി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ശക്തമായ ചുഴലിക്കാറ്റില്‍ മലയോരത്തെ ചെറുതും വലുതുമായ റബ്ബര്‍ തോട്ടങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ വ്യാപകമായി കടപുഴകുകയും പൊട്ടിവീഴുകയും ചെയ്തു. പുല്ലങ്കോട് എസ്‌റ്റേറ്റില്‍ അഞ്ഞൂറിലധികം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ നിലം പൊത്തി.
അടക്കാക്കുണ്ട് എഴുപതേക്കറില്‍ ചെലമ്പക്കുന്നന്‍ തങ്കപ്പന്റെ അഞ്ഞൂറോളം വാഴകളും, ആരോളി ഉമ്മറിന്റെ 50 റബ്ബര്‍ മരങ്ങളും, ഈന്ദുങ്ങല്‍ ജോസ്, തോമസ്, കളരിപ്പറമ്പില്‍ ചാക്കോച്ചന്‍, നീരോലിക്കല്‍ ജോണി, കോട്ടക്കല്‍ മുജീബ്, കുയ്യന്‍പൊയില്‍ മൂസ ഹാജി, ഉദിരംപൊയിലിലെ കൈപ്പഞ്ചീരി നവീന്‍, ഞാറക്കാടന്‍ അബ്ബാസ്, പൊട്ടിക്കുളത്തെ വെളുത്തേടത്ത് പറമ്പില്‍ ജോബിന്‍, എന്നിവരുടെ കൃഷി ഇടങ്ങളിലും വന്‍ നാശമാണ് ഉണ്ടായത്.
സ്രാമ്പിക്കല്ലിലെ പണിക്കൊള്ളി മുഹമ്മദ്, കല്ലാമൂലയിലെ അത്തേലിയില്‍ ജയശ്രീ, ചോലക്കല്‍ അബ്ദുല്‍ സലാം, എന്നിവരുടെ വാഴകളും നശിച്ചിട്ടുണ്ട്, ചോക്കാട് എരേച്ചന്‍ തൊടിക സിറാജിന്റെ വാഴകളും, റബ്ബര്‍ മരങ്ങളും നശിച്ചു. ശക്തമായ ഇടിയും മഴയോടൊപ്പം ഉണ്ടായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകാനിടയായി.