എസ്എംഎ മേഖലാ സമ്മേളനങ്ങള്‍ 31ന്

Posted on: March 29, 2013 9:15 am | Last updated: March 29, 2013 at 9:15 am
SHARE

കല്‍പ്പറ്റ: മഹല്ല് ഉണരുന്നു എന്ന ശീര്‍ഷകത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍(എസ് എം എ) ഈ മാസം 31ന് ജില്ലയിലെ മൂന്നു മേഖലകളില്‍ സമ്മേളനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈത്തിരി മേഖലാ സമ്മേളനം രാവിലെ 10ന് കോട്ടനാട് സുബുലുല്‍ ഹുദ സുന്നീ മദ്‌റസയിലും മീനങ്ങാടി മേഖലാ സമ്മേളനം ഉച്ചക്ക് 12ന് മീനങ്ങാടി മര്‍കസുല്‍ ഹുദ സെന്ററിലും തരുവണ മേഖലാ സമ്മേളനം വൈകിട്ട് മൂന്നിന് ദ്വാരക ഖാദിരിയ്യ ഹാളിലും നടക്കും.
എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ഭാരവാഹികളായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, വി എം കോയ മാസ്റ്റര്‍, ഇ യഅക്കൂബ് ഫൈസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സമ്മേളനങ്ങളില്‍ സംബന്ധിക്കും. സംസ്ഥാനത്തെ മഹല്ല് ജമാഅത്തുകളുടെയും സ്ഥാപനങ്ങളുടേയും മാനേജ്‌മെന്റുകളുടേയും സംയുക്ത കൂട്ടായ്മയാണ് കൂടിയാണ് എസ് എം എ.
മഹല്ല് ഭാരവാഹികള്‍, സ്ഥാപന മേധാവികള്‍, മദ്‌റസ അധ്യാപകര്‍, ഖത്വീബുമാര്‍ എന്നിവര്‍ക്ക് ഭരണ-സേവന രംഗങ്ങളില്‍ സമഗ്ര പരിശീലനവും നേതൃത്വവും നല്‍കുകയാണ് എസ് എം എ അടിസ്ഥാന പ്രവര്‍ത്തനം. അതോടൊപ്പം അറുപത് തികഞ്ഞ നിരാലംബരായ മദ്‌റസ അധ്യാപകര്‍ക്കും, പണ്ഡിതര്‍ക്കും മാസാന്ത പെന്‍ഷനും പിന്നാക്ക പ്രദേശങ്ങളില്‍ മദ്‌റസ നിര്‍മാണത്തിന് ധനസഹായവും സംഘടന നല്‍കി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതിയും മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സൈദലവി കമ്പളക്കാട്, വൈസ് പ്രസിഡന്റ് പി ഉസ്മാന്‍ മുസ്‌ലിയാര്‍, ട്രഷറര്‍ കെ സി സൈദ് ബാഖവി, സെക്രട്ടറി സിദ്ദീഖ് മദനിമേപ്പാടിഎന്നിവര്‍ പങ്കെടുത്തു.