മാനന്തവാടി ഗ്രാമപഞ്ചായത്ത് ബജറ്റ് ഭവന നിര്‍മാണ പദ്ധതിക്കും ശുദ്ധജല വിതരണത്തിനും മുന്‍ഗണന

Posted on: March 29, 2013 9:04 am | Last updated: March 29, 2013 at 9:04 am
SHARE

മാനന്തവാടി: സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിക്കും ശുദ്ധജല വിതരണത്തിനും മുന്‍ഗണന നല്‍കി മാനന്തവാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വി ജോര്‍ജ് ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി സ്വയം പര്യാപ്തത നേടുന്നതിന് 48 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച് വില്‍ക്കാന്‍ കഴിയുന്നതിന് 10ലക്ഷം രൂപ ചെലവില്‍ കര്‍ഷക ചന്ത നിര്‍മിക്കും. ക്ഷീരകര്‍ഷക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ക്ഷീര സംഘ പദ്ധതി നടപ്പിലാക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്റെ വീട് ശുചിത്വ പദ്ധതി വ്യാപിപ്പിക്കുന്നതിനും മാനന്തവാടി ടൗണിലെ മാലിന്യം നിര്‍മാര്‍ജനത്തിനും പരിഹാരം കാണാന്‍ തുക വകയിരുത്തിയിട്ടുണ്ട്. പാലിയേറ്റീവ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി. എല്ലാ വിദ്യാലയങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്‌കൗട്ട് ാന്‍ഡ് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കമ്പ്യൂട്ടര്‍ വത്കരണം ലഭ്യമാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. ഒന്നേകാല്‍ കോടി ചെലവില്‍ ജില്ലാ ആശുപത്രി റോഡില്‍ സര്‍വീസ് ഡെലിവറി സെന്റര്‍ നിര്‍മിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഗാന്ധിപാര്‍ക്കില്‍ കംഫര്‍ട്ട് സ്റ്റേഷനും ഇന്‍ഫര്‍മേഷന്‍ സെന്ററും നിര്‍മിക്കും. തലശേരി റോഡില്‍ ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ശിശുസൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കാന്‍ 65 ലക്ഷവും എല്ലാ വാര്‍ഡുകളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പട്ടിക വര്‍ഗ കോളനിയില്‍ വൈദ്യുതി എത്തിക്കാനും ഭവന രഹിതരായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമ്പൂര്‍ണ ഭവന നിര്‍മാണം നടപ്പിലാക്കാനും തുക നീക്കിവെച്ചിട്ടുണ്ട്. മത്സ്യ കര്‍ഷക ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷവും നീക്കി വെച്ചിട്ടുണ്ട്.