പനമരം കാര്‍ഷിക വികസന ബാങ്കിനതിരെ സഹകരണ വകുപ്പ് തല അന്വേഷണം

Posted on: March 29, 2013 9:01 am | Last updated: March 29, 2013 at 9:01 am
SHARE

കല്‍പ്പറ്റ: പനമരം കാര്‍ഷിക വികസന ബേങ്കിനെതിരെ സഹകരണ വകുപ്പ് തല അന്വേഷണം. ബാങ്കിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന വാലുവേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ നിയമത്തിലെ 66-ാം വകുപ്പ് പ്രകാരമാണ് ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മാനന്തവാടി അസിസ്റ്റന്റ് രജിസ്‌ട്രോര്‍ക്കാണ് അന്വേഷണ ചുമതല. സഹകരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബേങ്കിലെ വായ്പാ വിതരണവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ബിനാമി വായ്പ, കടാശ്വാസ പദ്ധതിയിലെ ക്രമക്കേട് എന്നിവയിലൂടെ ഏറെ വിവാദത്തില്‍പെട്ട ബേങ്കിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് വാലുവേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ബാങ്ക് അധികൃതര്‍ ക്രമവിരുദ്ധ ഇടപാടു നടത്തിയെന്നാരോപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണുള്ളത്. പനമരം കാര്‍ഷിക വികസന ബേങ്കിലെ വായ്പാ വിതരണവും മറ്റു ക്രമക്കേടുകളും സി.ബി.ഐ അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഹരിതസേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവനക്കാര്‍ ബിനാമി പേരില്‍ കോടിക്കണക്കിനു രൂപ വായ്പയെടുത്ത ശേഷം അത് ചട്ടവിരുദ്ധമായി കേന്ദ്രത്തിന്റെ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളിയെന്ന ആരോപണമാണ് അടുത്തകാലത്ത് ബേങ്കിനെതിരെ ഉയര്‍ന്നത്.
ബിനാമി വായ്പ സംബന്ധിച്ച് മുമ്പ് വിജിലന്‍സ് അന്വേഷണം നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വായ്പ വിതരണം ചെയ്തതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് വിജിലന്‍സ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.തങ്ങള്‍ക്ക് കടാശ്വാസം നിഷേധിച്ചുവെന്ന ആരോപണവുമായി നിരവധി കര്‍ഷകര്‍ ബാങ്കിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.