നരിക്കാട്ടേരിയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി

Posted on: March 29, 2013 8:34 am | Last updated: March 29, 2013 at 8:34 am
SHARE

നാദാപുരം: നാദാപുരത്തിനടുത്ത നരിക്കാട്ടേരിയില്‍ അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പരിസരത്തെ പാലക്കുനിയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പിലെ കയ്യാലപ്പൊത്തില്‍ പി വി സി പൈപ്പ് കഷണത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പൈപ്പിന്റെ ഇരുഭാഗവും സ്റ്റോപ്പര്‍ ഉപയോഗിച്ച് അടച്ചിരുന്നു. പൈപ്പിനുള്ളില്‍ ഈര്‍ച്ചപ്പൊടിയും നിറച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഈ സ്ഥലത്ത് നിന്ന് പി വി സി പൈപ്പിനുള്ളില്‍ ഗ്രീസ് പുരട്ടി ഒളിപ്പിച്ച് വെച്ച നിലയില്‍ നാല് വടിവാളുകള്‍ കണ്ടെത്തിയിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ വീണ്ടും നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ പിടിച്ചെടുത്തത്. അഡീഷനല്‍ എസ് ഐ ഖാലിദിന്റെയും ബോംബ് സ്‌ക്വാഡ് എസ് ഐ എം സുധാകരന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത.റെയ്ഡ് തുടര്‍ന്നേക്കും. ബോംബുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.