ഓട്ടിസം: ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിക്കും

Posted on: March 29, 2013 8:24 am | Last updated: March 30, 2013 at 7:36 am
SHARE

കോഴിക്കോട്: ഓട്ടിസം ചെറുപ്രായത്തില്‍ തന്നെ കണ്ടെത്താനായി അങ്കണ്‍വാടി അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും ഉപകരണങ്ങള്‍ വാങ്ങാനുമായി ജില്ലാ പഞ്ചായത്ത് 2013-14 സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ ചെലവഴിക്കുമെന്ന് പ്രസിഡന്റ് കാനത്തില്‍ ജമീല. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഹ്യുമാനിറ്റി ചാരിറ്റബ്ള്‍ ട്രസ്റ്റും സംഘടിപ്പിക്കുന്ന ഓട്ടിസം വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മക്കള്‍ക്ക് ഓട്ടിസമാണെന്ന് ഏറെ വൈകിയാണ് പല രക്ഷിതാക്കളും തിരിച്ചറിയുന്നത്. ചെറുപ്പത്തില്‍ തന്നെ കണ്ടെത്തിയാല്‍ പരിഹാര നടപടികള്‍ താരതമ്യേന എളുപ്പമാകുമെന്നാണ് വിദഗ്ധാഭിപ്രായം. അങ്കണ്‍വാടി അധ്യാപികമാര്‍ക്ക് മതിയായ പരിശീലനം നല്‍കിയാല്‍ ബന്ധപ്പെട്ട പ്രദേശത്തെല്ലാം പ്രയോജനം ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക സുരക്ഷാ മിഷനുമായി സഹകരിച്ച് ഇതിനുള്ള ഉപകരണങ്ങളും നല്‍കും. ഓട്ടിസമുള്‍പ്പെടെ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രം ജില്ലയില്‍ തുടങ്ങാനാകുമോ എന്നതിനെ കുറിച്ചുള്ള പ്രാഥമിക കൂടിയാലോചന ഏപ്രില്‍ ഒന്നിന് നടക്കുമെന്നും അവര്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഹ്യുമാനിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ എ കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ഡോ.എം കെ ജയരാജ് സംസാരിച്ചു.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഇളവുകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ബാധകമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുള്ള കുടുംബങ്ങള്‍ക്ക് വരുമാന പരിധി നോക്കാതെ ബി പി എല്‍ റേഷന്‍കാര്‍ഡ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, എം മന്‍സൂര്‍, പി സിക്കന്തര്‍, കെ പി ശിവദാസന്‍ സംസാരിച്ചു.
വാരാചരണത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടു വരെ നടത്തുന്ന ഓട്ടിസം ചലച്ചിത്രോത്സവം മാനാഞ്ചിറ സ്‌ക്വയറില്‍ കോഴിക്കോട് കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മൈ നെയിം ഈസ് ഖാന്‍ ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്ന് വൈകീട്ട് ആറരക്ക് ബ്ലാക്ക് എന്ന ഹിന്ദി ചിത്രവും നാളെ ടെമ്പിള്‍ ഗ്രാന്‍ഡിന്‍ എന്ന ഇംഗ്ലീഷ് ചിത്രവും പ്രദര്‍ശിപ്പിക്കും.