ഗ്രാമങ്ങളില്‍ ‘കുട്ടിക്കച്ചവടം’ പൊടിപൊടിക്കുന്നു

Posted on: March 29, 2013 8:09 am | Last updated: March 29, 2013 at 8:09 am
SHARE

കുറ്റിയാടി: വേനലവധിക്ക് വിദ്യാലയങ്ങള്‍ അടച്ചതോടെ നാട്ടിന്‍പുറങ്ങള്‍ കുട്ടിക്കച്ചവടത്തിന്റെ ലഹരിയില്‍. ഓരോരുത്തരും അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് ഇടവഴികളിലെ കടകള്‍ മോടി കൂട്ടി കച്ചവടം കേമമാക്കുകയാണ്.
സംഭാരവും, നാരങ്ങാ വെള്ളവും, ഉപ്പിലിട്ട വിഭവങ്ങളും, കക്കംമിഠായിയും, തേന്‍മിഠായിയും, പുളിയച്ചാറുമാണ് ഏറെ പ്രിയപ്പെട്ടത്. ഓലയും ഈന്തിന്‍ പട്ടയും, മട്ടലുമാണ് മിക്കവാറും കടകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
ഒന്നില്‍കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന് നടത്തുന്ന കച്ചവടങ്ങളില്‍ മിക്കവാറും സാധനങ്ങള്‍ വാങ്ങുന്നതും ഇവര്‍ തന്നെയാണെന്നതും ഏറെ രസകരമാണ്. ഇടയില്‍ അല്‍പം തല്ലും പിണക്കവും പുതിയ കച്ചവടങ്ങള്‍ക്ക് വേദിയൊരുക്കും. എന്നാല്‍ മത്സരത്തിനില്ലാതെ മണിക്കൂറുകള്‍ക്കിടയില്‍ ഇവര്‍ ഒന്നിക്കുകയും ചെയ്യും. വേനലിന്റെ കാഠിന്യത്തില്‍ നിന്നും അല്‍പം രക്ഷക്കായി കൊച്ചു കച്ചവടങ്ങള്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമാകുന്നുണ്ട്.