മഴക്കുറവ് : ഗ്രാമങ്ങളിലെ കിണറുകളും ജലാശയങ്ങളും വറ്റിവരളുന്നു

Posted on: March 29, 2013 8:01 am | Last updated: March 29, 2013 at 8:01 am
SHARE

river keralaപാലക്കാട് : കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ കിണറുകളും മറ്റ് ജലാശയങ്ങളും വറ്റിവരണ്ടു.കിഴക്കന്‍മേഖലയിലെ മഴക്കുറവും ജലവിതരണത്തിന്റെ അഭാവവുമാണ് കടുത്ത വരള്‍ച്ചയുണ്ടാവാന്‍ കാരണമായിട്ടുള്ളത്. ഇതോടെ കോരയാറിലെയും വരട്ടയാറിലെയും എല്ലാ തടയണകളുമടക്കം മറ്റ് ജലാശയങ്ങളും വരണ്ടുണങ്ങി.ജലാശയങ്ങളും വറ്റിവരണ്ടതോടെ ഈ മേഖലയിലെ കുഴല്‍ക്കിണറുകളിലെ ജലനിരപ്പും താഴ്ന്നു.
1993ല്‍ മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടിയുടെ കാലത്താണ് കോരയാറിലും വരട്ടയാറിലുമായി 19തടയണകള്‍ നിര്‍മിച്ചത്. കടുത്ത ജലക്ഷാമം നേരിട്ട 1993ല്‍ ചെറുകിടപദ്ധതികള്‍ക്കായി കേരളത്തിന് അനുവദിക്കപ്പെട്ട 20 തടയണകളില്‍ 19 എണ്ണവും ലഭിച്ചത് കിഴക്കന്‍ മേഖലയ്ക്കാണ്. എന്നാല്‍, ഇന്ന് ഈ തടയണകളെല്ലാംതന്നെ വരണ്ട നിലയിലാണ്.വലതുകര കനാല്‍വഴി ജലവിതരണമില്ലാതായതോടെ പത്തുവര്‍ഷമായി ഒരിക്കലും വറ്റിയിട്ടില്ലാത്ത ചേറുമ്പാറച്ചള്ളയിലെ വലിയേരിപോലും ഇത്തവണ വരണ്ടു.കിഴക്കന്‍മേഖലയിലെ 99 ശതമാനം കിണറുകളും വെള്ളമില്ലാത്ത നിലയിലാണിന്ന്. കുഴല്‍ക്കിണറുകള്‍ മിക്കതും ജലനിരപ്പ് താഴ്ന്നതിനാല്‍ ഒരു മണിക്കൂറിലേറെ സമയം പ്രവര്‍ത്തിപ്പിക്കാനാവുന്നുമില്ല. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളത്തിന് ലോറിവെള്ളം മാത്രമാണ് ആശ്രയം.