Connect with us

International

രാജാപര്‍വേസ് അശ്‌റഫിന് പാക് സുപ്രീം കോടത് നോട്ടീസ്

Published

|

Last Updated

ഇസ്‌ലാമാബാദ്: സ്ഥാനമൊഴിഞ്ഞ പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫിന് പാക് സുപ്രീം കോടതി നോട്ടീസയച്ചു. അദ്ദേഹത്തിനെതിരെയുള്ള അഴിമതി കേസ് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതിലൂടെ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഫ്തിഖാര്‍ ചൗധരി ഉള്‍പ്പെടെയുള്ള മൂന്നംഗ ബഞ്ചാണ് നോട്ടീസ് നല്‍കിയത്. രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ ഹാജരാകാനും അശ്‌റഫിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അശ്‌റഫിനെതിരെയുള്ള അഴിമതി കേസ് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തനിക്ക് കത്തെഴുതിയിരുന്നതായും ഈ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൗധരി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ കോടതിയുടെ തീരുമാനം നേരത്തെ തന്നെ അദ്ദേഹം സ്വീകരിച്ചിരുന്നതായും ഈ വിധി പുനഃപരിശോധിക്കേണ്ടതിന്റെയോ കമ്മീഷനെ നിയോഗിക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചീഫ് ജസ്റ്റിസിന് രാജാ പര്‍വേസ് അശ്‌റഫ് കത്തെഴുതിയത് സുപ്രീം കോടതിയുടെ രജിസ്ട്രാര്‍ ഓഫീസ് മുഖേനയാണെന്നും ഇത് കോടതിയെ സ്വാധീനിക്കാനുള്ളതായിരുന്നില്ലെന്നും അശ്‌റഫിന് വേണ്ടി ഹാജരായ വസീം സജ്ജാദ് വാദിച്ചു. എന്നാല്‍ കത്തെഴുതിയത് പ്രധാനമന്ത്രിയുടെ ലെറ്റര്‍ ഹെഡിലാണെന്നും ഇത്തരം പിഴവുകള്‍ കോടതികളുടെ മേല്‍ ആരോപിക്കരുതെന്നും ചീഫ് ജസ്റ്റിസ് ചൗധരി ഓര്‍മപ്പെടുത്തി. അശ്‌റഫിനെയും അഴിമതിയില്‍ പങ്കാളികളായ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ പ്രധാന അഴിമതി വിരുദ്ധ ഏജന്‍സി അറിയിക്കുകയായിരുന്നു.
പര്‍വേസ് ഊര്‍ജ മന്ത്രിയായിരിക്കെ അനുമതി നല്‍കിയ വൈദ്യുത പദ്ധതികളില്‍ അഴിമതി നടന്നുവെന്നാണ് കേസ്. കോടതിയലക്ഷ്യത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മെയ് 11 ന് നടക്കുന്ന പാക് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് മത്സരിക്കാനാകില്ല.

Latest