ലോകത്തെ വലിയ രാജ്യാന്തര സമ്മേളനത്തിന് 2017ല്‍ ഒമാന്‍ വേദിയാകും

Posted on: March 29, 2013 7:26 am | Last updated: March 29, 2013 at 7:26 am
SHARE

omanമസ്‌കത്ത്: രാജ്യാന്തര തലത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തെ വലിയ  സമ്മേളനങ്ങളിലൊന്നിന് 2017ല്‍ ഒമാന്‍ വേദിയാകും. മസ്‌കത്തില്‍ നിര്‍മാണം നടന്നു വരുന്ന ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക. ലോകത്തിന്റെ വിവിധ  രാജ്യങ്ങളില്‍നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കുന്ന  ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹൈഡ്രോ എന്‍വിറോണ്‍മെന്റ് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച് (ഐ എ എച്ച് ആര്‍) സമ്മേളനം സംഘടിപ്പിക്കാനാണ് ഒമാന് അവസരം ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളോട് മത്സരിച്ചാണ് ഒമാന്‍ അവസരം നേടിയെടുത്തത്.
തുര്‍ക്കി, സിംഗപ്പൂര്‍, ഇന്ത്യ, മലേഷ്യ, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളോട് മത്സരിച്ചാണ് ഒമാന്‍ ഫൈനലിലെത്തിയത്. സംഘടനയുടെ 37 ാമത് കോണ്‍ഗ്രസാണ് 2017ല്‍ ഒമാനില്‍ നടക്കുക. സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള ഒമാന്റെ പരിശ്രമം വിജയകരമായെന്ന് ഐ എ എച്ച് ആര്‍ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക കൊളാബറേറ്റീവ് കമ്മിറ്റി ചെയര്‍മാനും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് ഡയറക്ടറുമായ ഡോ. മുഹാദ് ബിന്‍ സൈദ് ബാവൈന്‍ പറഞ്ഞു. ഐ എ എച്ച് ആര്‍ കോണ്‍ഗ്രസ് ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയില്‍ നടക്കുന്നത്.
2010ല്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന അറേബ്യന്‍ കോസ്റ്റ് കോണ്‍ഫറന്‍സിനു ശേഷം ഒമാനില്‍ നടക്കുന്ന മറ്റൊരു വലിയ സമ്മേളനമായിരിക്കും ഇത്. ഫലജ് സംവിധാനം ലോകത്തെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചത് സമ്മേളന വേദികള്‍ ലഭിക്കുന്നതിന് സഹായകമാകുന്നുണ്ട്. ജല സംഭരണികള്‍, ഭൂഗര്‍ഭജല നിരീക്ഷണ സംവിധാനം, കടല്‍ വെള്ള സംസ്‌കരണ വിതരണ സംവിധാനം, ജലസ്‌ത്രോസുകളുടെ വിനിയോഗം തുടങ്ങിയവയും ഒമാനെ കോണ്‍ഗ്രസിനു പരിഗണിക്കാന്‍ കാരണമായി.
സമ്മേളനം സംഘടിപ്പിക്കുന്നതിന് ആഫ്രിക്ക, ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തോടെ തന്നെ കോണ്‍ഗ്രസ് സംഘിപ്പിക്കാനുള്ള അവസരമാണ് രാജ്യത്തിനു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ലോക മെഡിക്കല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനും ഒമാന്‍ ശ്രമം നടത്തുന്നുണ്ട്. 3000 പേരാണ് കോണ്‍ഗ്രസിലെ പ്രതിനിധികള്‍.