‘പ്രതാപികളു’ടെ ഇന്‍സ്റ്റലേഷനുമായി ക്ലാസിക് കാര്‍ പ്രദര്‍ശനം

Posted on: March 29, 2013 7:29 am | Last updated: March 29, 2013 at 7:29 am
SHARE

clasical car festivalമസ്‌കത്ത് ; വാഹന കാലത്തിനും മുമ്പ് നിരത്തുകളില്‍ പൊടി പറത്തി ഉരുണ്ടിരുന്ന രാജകീയ പ്രതാപികളായ കാറുകള്‍ക്കൊപ്പം മലയിലും മണലിലും ചെളിയിലും ഇരമ്പിപ്പായാന്‍ കരുത്തുള്ള പുതുതലമുറയിലെ ഫോര്‍ വീലര്‍ കാറുകളുടെയും ഇന്‍സ്റ്റലേഷനുമായി   ക്ലാസിക്കല്‍ കാറുകളുടെ പ്രദര്‍ശനത്തിന് തുടക്കമായി.
ഒമാന്‍ ക്ലാസിക്കല്‍ കാര്‍ ക്ലബ് സ്വാകാര്യ കാര്‍ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പ്രദര്‍ശനത്തില്‍ 1921ല്‍ നിര്‍മിച്ച ബുഹാട്ടിയാണ് ഏറ്റവും പഴക്കമുള്ള കാര്‍. ലോകോത്തര കമ്പനികള്‍ വിവിധ പതിറ്റാണ്ടുകളില്‍ നിര്‍മിച്ചവയും ലോകതലത്തില്‍ പ്രസിദ്ധി നേടിയതുമായ കാറുകള്‍ ഇവിടെ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇത്തരം അമ്പതോളം കാറുകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തെ 123 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒമാനിലെത്തിയിട്ടുള്ള ആസ്‌ട്രേലിയന്‍ ദമ്പതികളുടെ കാറും മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ചാണ് കാര്‍ എന്‍ജിനീയര്‍ കൂടിയായ ആസ്‌ട്രേലിയന്‍ പൗരന്‍   സ്വന്തമായി രൂപമാറ്റം വരുത്തിയ കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
1949ലെ ഡോഡ്ജ് ഫാര്‍ഗോ, 1963ലെ കാഡില്ലാഗ് എല്‍ഡറാഡോ, 1958ലെ ഫിയറ്റ 500, 1965ലെ ഫോര്‍ഡ് മസ്റ്റംഗ്, 1974ലെ റോവര്‍ 3500 തുടങ്ങിയ കാറുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ ലോക രാജ്യങ്ങളില്‍നിന്നും ക്ലാസിക് കാറുകളെ പ്രിയം വെക്കുന്ന ഒമാനികള്‍ സംഘടിപ്പിച്ചവയാണ് കാറുകള്‍. ഒമാനില്‍ തന്നെ ഓടിപ്പഴകിയവയുമുണ്ട്. മലയിലും ചെളിയിലും സഞ്ചരിച്ച് ചെളി പുരണ്ട ഏതാനും ഫോര്‍ വീലറുകള്‍ അതേ പടി തന്നെ മേളയില്‍ കാഴ്ചക്കുവെച്ചിരിക്കുന്നു. പഴയ തലമുറ നാല്‍ ചക്ര വാഹനത്തിനൊപ്പം പുതിയ കാറുകളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബോഷര്‍ ലുലുവിനു സമീപം ഒരുക്കിയ പ്രദര്‍ശനത്തിന് ഇന്നലെ വൈകുന്നേരമാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പ്രദര്‍ശനം ഇന്നും തുടരും. മേളയില്‍ സ്റ്റേജ്പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ കാര്‍ കമ്പനികളുടെ പ്രദര്‍ശനവും പുതിയ കാറുകളെക്കുറിച്ചുള്ള വിവരണവും മേളയുടെ ഭാഗമായി നടക്കും.