ഇന്ധന സര്‍ചാര്‍ജ് വര്‍ധന: ഇന്ത്യന്‍ വിമാനങ്ങളില്‍ നിരക്കുയരുന്നു

Posted on: March 29, 2013 7:32 am | Last updated: March 29, 2013 at 3:25 pm
SHARE

air indiaമസ്‌കത്ത് : ഇന്ധന സര്‍ചാര്‍ജ് വര്‍ധനയെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ യാത്രക്കൂലി കൂട്ടി. അടുത്ത മാസം ഇനിയും നിരക്കുകയരുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ടിക്കറ്റിന് 1000 രൂപക്കു സമാനമായ തുക കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. അവധിക്കാലത്തെ നിരക്കുയര്‍ച്ച കൂടിയാകുമ്പോള്‍ പൊള്ളുന്ന നിരക്കയായിരിക്കും ഈടാക്കുക.
എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വെയ്‌സും കഴിഞ്ഞ ദിവസം മുതല്‍ ഇന്ധന സര്‍ചാര്‍ജ് അധികം ഈടാക്കിത്തുടങ്ങി. ഒമാനില്‍നിന്നും ടിക്കറ്റെടുക്കുന്നവരില്‍നിന്നും എയര്‍ ഇന്ത്യ രണ്ടു റിയാലാണ് അധികം ഈടാക്കുന്നത്. ജെറ്റ് എയര്‍വെയ്‌സും ഇതേ തുക തന്നെയാണ് ഈടാക്കുന്നതെന്നാണ് വിവരം. പുതുതായി ടിക്കറ്റെടുക്കുന്നവരില്‍നിന്നാണ് അധിക തുക ഈടാക്കുന്നത്. നേരത്തെ ടിക്കറ്റ് എടുത്തു വെച്ചവര്‍ക്ക് വര്‍ധന ബാധകമല്ല. അതേസമയം, സര്‍ചാര്‍ജ് കൂട്ടിയതിനെത്തുടര്‍ന്ന് ബുക്ക് ചെയ്തു വെച്ചിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കിയാണ് എയര്‍ ഇന്ത്യ പുതിയ ടിക്കറ്റുകള്‍ വിറ്റു തുടങ്ങിയത്.
ഇന്ത്യയില്‍ സര്‍ചാര്‍ജ് വര്‍ധനവിന്റെ പേരില്‍ 100-150 തോതില്‍ നിരക്ക് വര്‍ധിച്ചപ്പോഴാണ് ഒമാനില്‍ രണ്ടു റിയാല്‍ അധികം ഈടാക്കുന്നത്. എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍വെയ്‌സിനും പുറമേ ഗള്‍ഫ് നാടുകളിലേക്കു സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനങ്ങളും അടുത്ത മാസം തൊട്ട് ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്തും. ഇതോടെ ഈ വിമാനങ്ങളിലും നിരക്കുയരും. ഒമാനില്‍നിന്നും ടിക്കറ്റെടുക്കുന്നവര്‍ക്ക് എട്ടു മുതല്‍ പത്തു റിയാല്‍ വരെയായിരിക്കും ടിക്കറ്റൊന്നിന് വര്‍ധന.
വിമാന ഇന്ധനത്തിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 70,000 രൂപയും മുംബൈയില്‍ 72,000 രൂപയുമായിരുന്നു വില. വിമാന ഇന്ധനത്തിന് സര്‍ക്കാര്‍ ഒരു സബ്‌സിഡിയും നല്‍കാത്ത സാഹചര്യത്തില്‍ സര്‍ചാര്‍ജ് ഉയര്‍ത്താതിരിക്കാനാകില്ലെന്നാണ് വിമാന കമ്പനികള്‍ പറയുന്നത്. കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ 40 ശതമാനം തുകയും ഇന്ധനത്തിനാണ് വിനിയോഗിക്കേണ്ടി വരുന്നതെന്നാണ് കണക്ക്. ശേഷിക്കുന്ന തുകയാണ് വിമാനങ്ങളുടെ അറ്റ കുറ്റ പണികള്‍ക്കും ജീവനക്കാരുടെ ശമ്പളം, മറ്റു പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവക്ക് ഉപയോഗിക്കേണ്ടി വരുന്നത്.
ഇന്ധന സര്‍ചാര്‍ജ് വര്‍ധനയില്ലാതെ തന്നെ അവധിക്കാലത്ത് യാത്രാ നിരക്ക് 100 മുതല്‍ 150 ശതമാനം വരെ ഉയരുക പതിവുണ്ട്.   ബജറ്റ് വിമാനങ്ങളിലും നിരക്കുയരും. പോയ വര്‍ഷം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരത്തിലായപ്പോഴാണ് അവധിക്കാലം വന്നത്. ഇതോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നപ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. വലിയ നിരക്ക് നല്‍കിയും ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയും പ്രവാസികള്‍ക്കു നേരിടേണ്ടി വന്നിരുന്നു.