Connect with us

Kerala

അഴീക്കോട് സ്മാരകത്തിന് ഫണ്ട്; അക്ഷര സ്‌നേഹികള്‍ക്ക് ആഹ്ലാദം

Published

|

Last Updated

തൃശൂര്‍:സുകുമാര്‍ അഴീക്കോടിന് സമാരകം തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അക്ഷര സ്‌നേഹികളില്‍ ആഹ്ലാദമായി. അഴീക്കോട് മാഷ് താമസിച്ചിരുന്ന തൃശൂര്‍ ഇരവിമംഗലത്തെ വീടും സ്ഥലവും വിലക്കുവാങ്ങി സ്മാരകമായി നിലനിര്‍ത്തുന്നതിന് 51.25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
തൃശൂര്‍ കലക്ടറുടെ പേരിലാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. 20.43 സെന്റ് സ്ഥലവും 320.67 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടവും അതിനുള്ളിലെ പുസ്തകശേഖരമടക്കമുള്ള സ്ഥാവരജംഗമ വസ്തുക്കളുമാണ് സര്‍ക്കാര്‍ സ്മാരകത്തിനായി ഏറ്റെടുക്കുന്നത്. കെട്ടിടത്തിലെ പുസ്തകങ്ങളും പുരസ്‌കാരങ്ങളും വേര്‍തിരിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതി തയാറാക്കാന്‍ കേരള സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും അഴീക്കോടിന് ഉചിതമായ നിലയില്‍ സ്മാരകം യാഥാര്‍ഥ്യമാക്കാത്തിതിനെതിരെ സാഹിത്യമേഖലയില്‍ നിന്നും മറ്റും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളോളം പേനകൊണ്ടും വാക്കുകൊണ്ടും കേരളത്തെ നിന്ത്രിച്ച അഴീക്കോടിന്റെ വിലപ്പെട്ട ഗ്രന്ഥ ശേഖരവും പുരസ്‌കാരങ്ങളും ഇതോടെ അക്ഷര പ്രേമികള്‍ക്ക് സ്വന്തമാകും.
അഴീക്കോട് അന്തരിച്ചതിനു തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ സ്മാരകം സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടും സ്ഥലവും പുസ്തകങ്ങളും സൗജന്യമായി ഏറ്റെടുത്ത് സ്മാരകമാക്കാമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയത്. എന്നാല്‍ അഴീക്കോട് വില്‍പത്രത്തില്‍ തന്റെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സഹോദരിയുടെ മൂന്ന് മക്കള്‍ക്കും ഡ്രൈവര്‍ സുരേഷിനുമായിരിക്കുമെന്ന് എഴുതിവച്ചിരുന്നതിനാല്‍ ഇവ സൗജന്യമായി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല.
സ്വത്ത് വകകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ സഹായിയും ബന്ധുക്കളും തയ്യാറാകാതിരുന്നതോടെ സ്മാരകമെന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീണിരുന്നു. സ്വത്ത് സൗജന്യമായി സര്‍ക്കാറിന് കൈമാറാന്‍ മന്ത്രിയും സ്ഥലം എം എല്‍ എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ബന്ധുക്കളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ശ്രമങ്ങള്‍ വിജയം കണ്ടില്ല. സംസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്‍മാര്‍ക്കെല്ലാം സ്മാരകമുണ്ടാക്കിയത് അവരുടെ സ്വത്തുവകകള്‍ സൗജ്യമായി ലഭിച്ചത് കൊണ്ടാണെന്നും വില നല്‍കി സ്വത്ത് ഏറ്റെടുത്ത് സ്മാരമാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. തകഴി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുത്താണ് സ്മാരകമാക്കിയത്. എന്നാല്‍ അഴീക്കോടിന്റെ സ്വത്ത് സൗജന്യമായി ലഭിക്കാത്തത് മന്ത്രിസഭയെ ധരിപ്പിക്കുമെന്നും ഏതാനും ദിവസം മുമ്പ് മന്ത്രി ജോസഫ് വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കാന്‍ ഒടുവില്‍ മന്ത്രിസഭ തീരുമാനിച്ചത്.
സാംസ്‌ക്കാരിക വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വില കൊടുത്ത് സ്വത്തുക്കള്‍ വാങ്ങി സ്മാരകമുണ്ടാക്കുന്നത്. അനുവദിച്ച തുക നാല് പേര്‍ക്കുമായി വീതിച്ചു നല്‍കുന്നതോടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കീഴിലാകും. ചെറിയ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സമാരകം വൈകുന്നത് വലിയ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുള്ളത് കൊണ്ട് അധികം കാത്തിരിക്കാന്‍ സര്‍ക്കാരിന് സാധ്യമാകുമായിരുന്നില്ല.

Latest