Connect with us

Kerala

കേരളത്തിലെ എല്ലാ ലെവല്‍ ക്രോസുകളിലും ജീവനക്കാരെ നിയമിക്കും: റെയില്‍വേ സഹമന്ത്രി

Published

|

Last Updated

കൊച്ചി: എല്ലാ ലെവല്‍ ക്രോസുകളിലും ജീവനക്കാരുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി അധീര്‍ രജ്ഞന്‍ ചൗധരി. സംസ്ഥാനത്തെ ആളില്ലാത്ത എല്ലാ ലെവല്‍ ക്രോസുകളിലും ഉടന്‍ ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന എസ്‌കലേറ്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് കേരളത്തിലെ തീവണ്ടിയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നുത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം സ്ഥാപിക്കും. എറണാകുളം – തിരുവനന്തപുരം റെയില്‍പാത ഇരട്ടിപ്പിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതകള്‍ ഇരട്ടിപ്പിക്കുന്ന ജോലികള്‍ 2014-2015ഓടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലൊന്നായ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനെ എ വണ്‍ സ്‌റ്റേഷനായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ആറ് എസ്‌കലേറ്ററുകളാണ് സ്ഥാപിക്കുന്നത്. എസ്‌കലേറ്ററുകളുള്ള സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനായി എറണാകുളം ഇതോടെ മാറും. 3.46 കോടി രൂപയാണ് എസ്‌കലേറ്ററുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ രണ്ട് എസ്‌കലേറ്ററും രണ്ട് , മൂന്ന് , നാല് പ്ലാറ്റ് ഫോമുകളിലായി ഒരോന്നു വീതവും സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ആറാമത്തെ എസ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടു കിട്ടേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക റെയില്‍വേയില്‍ നിന്നും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ഭക്ഷ്യ സഹമന്ത്രി പ്രൊഫ. കെ വി തോമസ് അധ്യക്ഷത വഹിച്ചു. ചാള്‍സ് ഡയസ് എം പി, ഹൈബി ഈഡന്‍ എം പി, ഡൊമനിക് പ്രസന്റേഷന്‍ എം എല്‍ എ, മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ സംബന്ധിച്ചു.