Connect with us

Kerala

കെ എസ് ആര്‍ ടി സിയുടെ രാജധാനി പോയിന്റ് ടു പോയിന്റ് സര്‍വീസുകള്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്-വയനാട് റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ രാജധാനി പോയിന്റ് ടു പോയിന്റ് സര്‍വീസുകള്‍ ആരംഭിച്ചു. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്-മാനന്തവാടി റൂട്ടുകളിലായി ആറ് സര്‍വീസുകളാണ് രാജധാനി ആദ്യഘട്ടത്തില്‍ തുടങ്ങിയത്.
കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട് ഡിപ്പോക്ക് അനുവദിച്ച ബസുകളുടെ ഫഌഗ് ഓഫ് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. പോയിന്റ് ടു പോയിന്റ് സര്‍വീസാണെങ്കിലും കോഴിക്കോട്-ബത്തേരി റൂട്ടില്‍ മീനങ്ങാടി, കല്‍പ്പറ്റ, താമരശ്ശേരി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍, കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ എന്നിവ റിക്വസ്റ്റ് സ്‌റ്റോപ്പുകളുമാണ്.
കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ താമരശ്ശേരി, കല്‍പ്പറ്റ, പനമരം എന്നിവിടങ്ങളിലും രാജധാനി പോയിന്റ്ടു പോയിന്റ് സര്‍വീസിന് സ്റ്റോപ്പുണ്ട്. രണ്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്ന രീതിയിലാണ് ബസുകളുടെ റണ്ണിംഗ് ടൈം ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ നിരക്കാണ് രാജധാനിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട ്- ബത്തേരി 68 രൂപയും കോഴിക്കോട് -മാനന്തവാടി 74 രൂപയുമാണ് നിരക്ക്.താമരശ്ശേരിയിലേക്ക് 24രൂപയും കല്‍പ്പറ്റക്ക് 53 രൂപയുമാണ് ചാര്‍ജ്.
കോഴിക്കോട്-ബത്തേരി റൂട്ടില്‍ രാവിലെ 5, 6, 10, ഉച്ചയക്ക് ഒന്ന്, വൈകുന്നേരം 4.30 എന്നീ സമയത്തും കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ രാവിലെ 6, 10, 12, ഉച്ചക്ക് 2, വൈകുന്നേരം 5.30, രാത്രി ഏഴിനുമാണ് സര്‍വീസുകള്‍. സര്‍വീസുകള്‍ വിജയകരമായാല്‍ കൂടുതല്‍ രാജധാനി ബസുകള്‍ നിരത്തിലിറക്കാനാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്.