Connect with us

Kollam

ഹെല്‍മറ്റ് വേട്ട: യുവാവിന് ബൈക്കില്‍ നിന്ന് തെറിച്ച് വീണ് പരുക്ക്

Published

|

Last Updated

കൊല്ലം: പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് പരുക്കേറ്റു. ശക്തികുളങ്ങര എമിലി ഹൗസില്‍ അലോഷ്യസിന്റെ മകന്‍ സാജ്(31)നാണ് പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു സംഭവം. ട്രാഫിക് റൗണ്ടിനടുത്ത് ബൈക്കില്‍ സാജും അനുജന്‍ സിബിയും വരുമ്പോള്‍ ഹെല്‍മറ്റില്ലാത്തതിന് പോലീസുകാരന്‍ കൈകാണിച്ചു.
ഇതനുസരിച്ച് ബൈക്ക് റോഡിന്റെ വശത്തേക്ക് നിര്‍ത്താന്‍ ശ്രമിക്കവേ പോലീസുകാരന്‍ വണ്ടി ഓടിച്ചിരുന്ന സാജിന്റെ കഴുത്തിലും കോളറിലും കയറിപ്പിടിച്ചു. പുറകിലിരുന്ന സിബിയുടെ മുതുകിന് കയറിപ്പിടിച്ചപ്പോള്‍ പിടിവലിക്കിടയില്‍ ബൈക്ക് മറിഞ്ഞു. നിലത്തുവീണ സാജിന്റെ ഇടതുകാലിന് പരിക്കേറ്റു. ഇവരുടെ കൈയിലുണ്ടായിരുന്ന തുണികളും, കഴുത്തിലെ മാലയും പൊട്ടി നിലത്തുവീണു. യാത്രക്കാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഭവത്തിന് കാരണക്കാരനായ പോലീസുകാരന്‍ അവിടെ നിന്ന് മാറിപ്പോയി.
പിന്നീട് സ്ഥലത്തെത്തിയ മറ്റ് പോലീസുകാര്‍ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കളും തടിച്ചുകൂടിയ ആള്‍ക്കാരും അതിന് വഴങ്ങിയില്ല. ഇതിനിടയില്‍ യുവാക്കളെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള പോലീസുകാരുടെ ശ്രമവും വിഫലമായി.
സംഭവം വഷളാകുന്ന അവസ്ഥയെത്തിയപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം ഈസ്റ്റ് എസ് ഐ ജി ഗോപകുമാര്‍ സ്ഥലത്തെത്തി സാജിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് എ സി പിയുടെ നേതൃത്വത്തില്‍ പരിക്കേറ്റ സാജില്‍ നിന്ന് മൊഴിയെടുത്തു.
ഹെല്‍മറ്റ് വേട്ടയുടെ മറവില്‍ വാഹനയാത്രികരെ പീഡിപ്പിക്കുന്ന സമീപനമാണ് ട്രാഫിക് പോലീസിന്റേതെന്നും കോടതി വിധികള്‍ പോലും മാനിക്കാതെയാണ് ഇവരുടെ പെരുമാറ്റമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ്

 

Latest