Connect with us

Kasargod

ടിപ്പര്‍ലോറി ഡ്രൈവറുടെ അപകടമരണം: നാടിനെ കണ്ണീരിലാഴ്ത്തി

Published

|

Last Updated

രാജപുരം: കള്ളാര്‍ അടോട്ടുകയയിലെ ടിപ്പര്‍ലോറി അപകടം നാടിനെ നടുക്കി. ഇന്നലെ രാവിലെ 10.30 ഓടെ കള്ളാര്‍ അടോട്ടുകയയിലുണ്ടായ ടിപ്പര്‍ ലോറി അപകടം പ്രദേശവാസികളെ നടുക്കി. ഭീകരശബ്ദത്തോടെ 20 അടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ് ലോറി കുത്തനെ നിലംപതിച്ചത്.
രാവിലെ മുത്തപ്പന്‍ മലയിലെ ക്വാറിയില്‍ നിന്നും കല്ലിന്റെ അവശിഷ്ടങ്ങള്‍ കയറ്റി വന്ന ലോറിയാണ് ക്വാറിയില്‍ നിന്നും പുറപ്പെട്ട് മിനിറ്റുകള്‍ക്കകം കുത്തനെയുള്ള ഇറക്കത്തിലുള്ള ഗര്‍ത്തത്തിലേക്ക് പതിച്ചത്. മുകളില്‍ നിന്ന് പാഞ്ഞു വരുന്ന ലോറിയില്‍ നിന്ന് ഡ്രൈവര്‍ റോഡിലുള്ളവര്‍ മാറാനായി വലിയ ഒച്ചയുണ്ടാക്കുന്നത് കേള്‍ക്കാമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. അപകടം നടന്നതിന് തൊട്ട് മുകളിലുള്ള വീടിനെ രക്ഷിക്കാനായി ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ കുഴിയിലേക്ക് മറിയുകയായിരുന്നെന്ന് സംഭവം കണ്ടവര്‍ പറയുന്നു. വീടിന്റെ മുകളിലേക്ക് വീണിരുന്നെങ്കില്‍ വന്‍ നാശനഷ്ടമുണ്ടാകുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സ്വന്തം ജീവന്‍ നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കിയതാണ് സുബൈറിനെ മരണത്തിലേക്ക് നയിച്ചത്. അപകടം നടന്ന ഉടന്‍ പരിസരവാസികള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്താനൊരുങ്ങിയെങ്കിലും ലോറിയുടെ മുന്‍ഭാഗം കുഴിയിലായതിനാല്‍ നടന്നില്ല. പിന്നീട് ഫോണ്‍വിളിച്ചും മറ്റും അടുത്ത സ്ഥലങ്ങളില്‍ നിന്നും ക്വാറിയില്‍ നിന്നും കൂടുതല്‍ ആള്‍ക്കാരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ബളാല്‍ കല്ലംചിറ സ്വദേശിയായ സുബൈര്‍ (40) ആണ് മരിച്ചത്. കൊന്നക്കാട്-കാഞ്ഞങ്ങാട് ജനകീയ ബസില്‍ ഡ്രൈവറായി ജോലി നേക്കിയിരുന്ന സുബൈര്‍ രണ്ടുമാസം മുമ്പാണ് ചട്ടഞ്ചാല്‍ ജാസ്മിന്‍ കണ്‍സട്രക്ഷന്‍സില്‍ ഡ്രൈവറായി ജോലിക്ക് കയറിയത്. സുബൈറിന്റെ മരണം സ്വന്തം വീട്ടുകാരേക്കാള്‍ ദുഖത്തിലാഴ്ത്തിയത് നാട്ടുകാരെയാണ്. ഏവര്‍ക്കും പ്രിയങ്കരനായ പരോപകാരിയും സുബൈര്‍ നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് വാഹനത്തിന്റെ ബ്രേക്ക് പോയ സമയത്തും സ്വന്തം ജീവന്‍ നോക്കാതെ റോഡ് വക്കിലുള്ള വീട്ടുകാരെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പറയുന്നു.
മികച്ച വോളിബോള്‍ സംഘാടകനും, പരിശീലകനുമായ സുബൈറിന്റെ മരണം കല്ലംചിറ നിവാസികള്‍ക്ക് തീരാനഷ്ടമാണ്. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വഘ്‌നേശ്വര ഭട്ട്, പഞ്ചായത്തംഗം ഒക്ലാവ് കൃഷ്ണന്‍, രാജപുരം എസ് ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Latest