കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരണത്തിന് ആഹ്വാനം

Posted on: March 28, 2013 7:51 pm | Last updated: March 28, 2013 at 7:51 pm
SHARE

ദുബൈ:മൂന്ന് ദിവസമായി ദുബൈ അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടന്നു വന്ന ദുബൈ ഇന്റര്‍നാഷനല്‍ ഹുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് ഡവലപ്‌മെന്റ് കോണ്‍ഫറന്‍സിന് (ദിഹാദ്) ഉജ്വല പരിസമാപ്തി. ദുരന്തങ്ങളിലും മനുഷ്യ ജീവനുകള്‍ക്കെതിരെയുള്ള വെല്ലുവിളികളിലും സഹകരണം വാഗ്ദാനം ചെയ്തും പങ്കുവെച്ചുമാണ് ജീവകാരുണ്യ മേഖലയിലെ ഏറ്റവും വലിയ പ്രദര്‍ശനം സമാപിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. മനുഷ്യ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിദഗ്ധരുടെയും പ്രവര്‍ത്തകരുടെയും ആഗോള സംഗമവേദിയായി മാറി ദിഹാദ് 2013. ദിഹാദിന്റെ പത്താമത് എഡിഷനാണ് ഇന്നലെ സമാപിച്ചത്. ശൈഖ് മുഹമ്മദിന്റെ പത്‌നി ഹയാ ബിന്‍ത് ഹുസൈന്‍ രാജകുമാരിയാണ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. യു എ ഇയിലെയും ലോക തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഗവണ്‍മെന്റ് സംഘടനകളും എന്‍ ജി ഒ കളും എക്‌സിബിഷനില്‍ പങ്കെടുത്തു.ഇന്ത്യയില്‍ നിന്ന് റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍ സി എഫ് ഐ)യുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ലോക വേദിയിലെത്തിക്കാന്‍ ദിഹാദിലൂടെ സാധിച്ചുവെന്ന് ആര്‍ സി എഫ് ഐ എക്‌സിബിഷന് നേതൃത്വം നല്‍കിയ ഡോ. ഷാഹിസ്ത അബ്ദുല്‍ അസീസ് മേത്ത പറഞ്ഞു.പശ്ചിമബംഗാളിലും ആസാമിലും മറ്റു സംസ്ഥാനങ്ങളിലും പട്ടിണിയിലും കഷ്ടതയിലുമായ ജനലക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ ഉള്‍ക്കൊണ്ട യാഥാര്‍ഥ്യങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്തതോടെ സാധിച്ചുവെന്നും ഇന്ത്യയുടെ 70 ശതമാനം ജനങ്ങളും ജീവിക്കുന്ന ഗ്രാമങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാത്തതാണെന്ന സത്യം കാരുണ്യ പ്രവര്‍ത്തകരുടെ ദൗത്യം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഓര്‍മിപ്പിക്കുന്നുവെന്ന് മുംബൈ ടാറ്റ മെമ്മോറിയല്‍ ഹോസ് പിറ്റലിലെ മുതിര്‍ന്ന ഡോക്ടറായ ഷാഹിസ്ത പറഞ്ഞു.യു എ ഇ റെഡ് ക്രസന്റ്, ദുബൈ കെയേഴ്‌സ്, നൂര്‍ ദുബൈ, ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി മുന്നൂറോളം സംഘടനകളും സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ആര്‍ സി എഫ് ഐ സ്റ്റാള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി അദ്ദേഹത്തെ സ്വീകരിച്ചു.