Connect with us

Gulf

നവോഥാനത്തിന്റെ നൈരന്തര്യം ജനാധിപത്യ വികസനത്തിന്റെ മുന്നുപാധി: കെ ഇ എന്‍

Published

|

Last Updated

ദുബൈ: ഒരേ സമയം മതരഹിതവും മതാത്മകവുമായ ആദര്‍ശങ്ങളെ ആക്രമിക്കുന്ന നവമൂലധനം ലോകമെങ്ങും ജീര്‍ണതയുടെ വിളനിലങ്ങള്‍ ഒരുക്കുകയാണെന്ന് പ്രസിദ്ധ ചിന്തകനും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ കെ ഇ എന്‍ അഭിപ്രായപ്പെട്ടു.
ദല സംഘടിപ്പിച്ച ഇ എം എസ്,–എ കെ ജി അനുസ്മരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വാക്കും എഴുത്തും എഴുതപ്പെടാത്ത മാനിഫെസ്‌റ്റോയായി കരുതപ്പെട്ട ശ്രീനാരായണഗുരുവിന്റെ പരിശ്രമങ്ങള്‍ ആധ്യാത്മിക ഭൗതിക തലങ്ങളില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ജാതിരഹിതവും മതനിരപേക്ഷവുമായ ആധുനിക കേരളം പടുത്തുയര്‍ത്തുന്നതില്‍ മിശ്രഭോജനം അടക്കമുള്ള മുന്നേറ്റങ്ങള്‍ അഭൂതപൂര്‍വമായ പങ്കു വഹിച്ചു. മിശ്രഭോജനത്തെ പ്രോത്സാഹിപ്പിക്കവേ പക്കര്‍ നാടകത്തെപോലും പ്രതീകവത്കരിച്ച് ഗുരു നടത്തിയ കൂട്ടഭോജനം മഹാകവി ഉള്ളൂരിനെപോലും അത്ഭുതപരതന്ത്രനാക്കിയ കഥ വിസ്മയജനകമാണ്. ബ്രാന്‍ഡുകളുടെ ലോകത്ത് വെള്ളവും പ്രലോഭനത്തിന്റെ വിപണവസ്തുവാണ്. വെള്ളം വെള്ളം സര്‍വത്ര വെള്ളം എന്നല്ല ഓരോ തുള്ളിയും വില്‍പ്പനക്ക് എന്നതാണ് പുതിയ കാലത്തിന്റെ മുദ്രാവാക്യം.
നവമൂലധനം സാംസ്‌കാരിക തലത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ ഇ എം എസ് മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കെ ഇ എന്‍ അനുസ്മരിച്ചു. പാരമ്പര്യപ്രകാരം തന്റെ മകന് നല്‍കേണ്ട പേരിനു പകരം പുന്നപ്ര സമരസേനാനി ശ്രീധരനെന്നും മകള്‍ക്ക് ബംഗാളി സമരസേനാനി മാലതിയെന്നും പേര് നല്‍കി മാതൃക കാട്ടി. ജനകീയപ്രശ്‌നങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അനീതികള്‍ക്കെതിരെ ശക്തിയുക്തം സമരം ചെയ്ത ജനകീയനേതാവായിരുന്നു എ കെ ജിയെന്ന് വി എസ് സുനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ദല പ്രസിഡന്റ് മാത്തുകുട്ടി കടോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി പി അശ്‌റഫ്, ഹരി ആറ്റിങ്ങല്‍ സംസാരിച്ചു.