മുഷ്താഖ് അലി ട്വന്റി 20:റൈഫിയുടെ മികവില്‍ കേരളത്തിന് വിജയം

Posted on: March 28, 2013 6:01 pm | Last updated: March 29, 2013 at 9:48 am
SHARE

ഇന്‍ഡോര്‍:സയ്യദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം.വിദര്‍ഭയെ ഒരു വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്.ആദ്യ മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ഡല്‍ഹിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങിയത്.മഴ ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും അത്യന്തം ആവേശം മുറ്റിനിന്ന മല്‍സരത്തില്‍ റൈഫി വിന്‍സന്റ് ഗോമസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിദര്‍ഭ 19 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. എന്നാല്‍ മഴമൂലം കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 എന്ന രീതിയില്‍ പുനഃക്രമീകരിക്കുകയായിരുന്നു. തുടക്കംമുതല്‍ക്കേ പതറിയ കേരളം ഒടുവില്‍ റൈഫിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.ഏഴാമനായി ക്രീസിലെത്തിയ റൈഫി വെറും 16 പന്തില്‍നിന്ന് പുറത്താകാതെ 42 റണ്‍സെടുത്തു. നാല് പടുകൂറ്റന്‍ സിക്‌സറുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റൈഫിയുടെ ഇന്നിംഗ്‌സ്. ഒരവസരത്തില്‍ മൂന്നിന് 27 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു കേരളം. കഴിഞ്ഞ മല്‍സരങ്ങളില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ രോഹന്‍ പ്രേം(ഒന്ന്), സച്ചിന്‍ ബേബി(ആറ്), വി എ ജഗദീഷ്(15) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കേരളം തോല്‍വിയിലേക്ക് പതിക്കുകയായിരുന്നു. സ്‌കോര്‍ നൂറില്‍ നില്‍ക്കെ എട്ടാമത്തെയും ഒമ്പതാമത്തെയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമാകുകയും ചെയ്തു.പുറത്താകാതെ 55 റണ്‍സെടുത്ത ഉബര്‍താണ്ടെയുടെ ബാറ്റിംഗാണ് വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി പി പ്രശാന്ത് രണ്ടും ജഗദീഷ്, സച്ചിന്‍ ബേബി, സന്ദീപ് വാര്യര്‍ എ്‌നിവര്‍ ഓരോ വിക്കറ്റും നേടി. ദേശീയ താരം ഉമേഷ് യാദവിനെ കൂടാതെയാണ് വിദര്‍ഭ കളിക്കാനിറങ്ങിയത്.അവസാന മല്‍സരത്തില്‍ കേരളം ശനിയാഴ്ച ഗുജറാത്തിനെ നേരിടും. ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ കേരളത്തിന് ഫൈനലില്‍ കടക്കാനാകും.