സൗദി സ്വദേശിവല്‍കരണം: ഇടപെടണമെന്ന് കേരളം; പരിമിതിയുണ്ടെന്ന് കേന്ദ്രം

Posted on: March 28, 2013 1:13 pm | Last updated: March 30, 2013 at 1:38 am
SHARE

തിരുവനന്തപുരം:സഊദി അറേബ്യയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളം. നിതാഖാത് നിയമം കര്‍ശനമാക്കിയതോടെ സഊദിയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് വേണ്ടി നയതന്ത്ര ഇടപെടല്‍ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഒരു സ്വതന്ത്ര രാഷ്ട്രമായ സഊദി അറേബ്യയില്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വിശദീകരിക്കുന്നു. അതേസമയം, പത്തിലൊന്ന് തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ നല്‍കിയ സമയപരിധി കഴിഞ്ഞതോടെ സഊദി തൊഴില്‍ മന്ത്രാലയം പരിശോധനകള്‍ കര്‍ശനമാക്കി. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്കുള്ള മലയാളികളുടെ ഒഴുക്ക് തുടങ്ങിയിട്ടുമുണ്ട്.
സഊദിയിലെ ഇന്നത്തെ അവധി കഴിയുന്നതോടെ പരിശോധന വ്യാപകമാക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
തൊഴില്‍ മേഖലയെ തരംതിരിച്ച് സ്വദേശിവത്കരണം കര്‍ശനമാക്കുന്ന നിതാഖാത് നിയമം 2011 നവംബറിലാണ് സഊദി ഭരണകൂടം നടപ്പാക്കി തുടങ്ങിയത്. സഊദിയില്‍ നിലവിലുള്ള ഏഴ് ലക്ഷം ചെറുകിട സ്ഥാപനങ്ങളില്‍ 84 ശതമാനവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഗള്‍ഫില്‍ യു എ ഇ കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളികളുള്ള രാജ്യമാണ് സഊദി. നിയമം നടപ്പാക്കുമ്പോള്‍ കാര്യമായി ബാധിക്കുക കേരളത്തില്‍ നിന്നുള്ള 5.71 ലക്ഷം മലയാളികളെയാണെന്ന് സെന്റര്‍ ഫോര്‍ ഡവല്‌പെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ലക്ഷക്കണക്കിന് മലയാളികളാണ് സഊദിയില്‍ ജോലി നോക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം അഞ്ച് ലക്ഷം മലയാളികളുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നിരവധി പേരുമുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലും അവിദഗ്ധ മേഖലയിലും ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
സ്‌പോണ്‍സര്‍ക്ക് കീഴില്‍ അല്ലാതെ ഫ്രീവിസയില്‍ ജോലി ചെയ്യുന്നവരെയും ബിനാമി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവരെയും കണ്ടെത്താനുള്ള കര്‍ശന പരിശോധനകളാണ് നടക്കുന്നത്. 25 ലക്ഷത്തോളം പേര്‍ ഫ്രീ വിസയില്‍ സഊദിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ മലയാളികളാണ്. സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര്‍ മാറിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രീ വിസക്കാര്‍ക്കും കണ്ണുവെട്ടിച്ച് ജോലി എടുക്കുന്നവര്‍ക്കുമെല്ലാം ഈ തീരുമാനം തിരിച്ചടിയാകും.
സ്വദേശിവത്കരണ തീരുമാനം കേരളത്തിന്റെ സമ്പദ്ഘടനയില്‍ തന്നെ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായും പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായും മുഖ്യമന്ത്രി വിഷയം ഫോണില്‍ സംസാരിച്ചു. നിയമം നടപ്പാക്കുമ്പോള്‍ ഉദാരസമീപനം വേണമെന്നും സാവകാശം ആവശ്യപ്പെടണമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്. പ്രവാസി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ സി ജോസഫും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പി കരുണാകരന്‍ എം പിയും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പ്രശ്‌നം സഊദി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാന്‍ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവുവിന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Workers-for-Al-Hamad_web-e1359462670973