ക്വാറിയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Posted on: March 28, 2013 8:48 am | Last updated: March 28, 2013 at 8:48 am
SHARE

പാലക്കാട്: കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒലവക്കോട് മേലേപ്പുറം പാറക്കല്‍ വീട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ അഖിലിനെ(22) യാണ് കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കല്ലേക്കുളങ്ങര ശ്രീ ഏമൂര്‍ ഭഗവതി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നംപാറ ക്വാറിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.
ഷൊര്‍ണൂര്‍ പൈങ്കുളത്ത് താമസിക്കുന്ന അഖില്‍ മേലേപ്പുറത്തെ അച്ഛന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു. ചെറിയച്ഛന്റെ മകന്‍ മിഥുനൊപ്പം രാവിലെ ഒമ്പത് മണിയോടെ ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങി. നീന്തുന്നതിനിടെ കൈകാല്‍ കുഴഞ്ഞ് അഖില്‍ മുങ്ങിപോവുകയായിരുന്നെന്ന് പറയുന്നു. മിഥുന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിളിച്ചതോടെ സമീപത്ത് വസ്ത്രം അലക്കുന്നവരും മറ്റും ഓടികൂടി.
പാലക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ വൈകീട്ട് നാലുവരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സന്ധ്യമയങ്ങും വരെ നാട്ടുകാര്‍ തിരച്ചില്‍ തുടര്‍ന്നു. 40 അടിയോളം താഴ്ചയില്‍ വെള്ളമുള്ള ജലാശയത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പരിശ്രമം വിഫലമായതോടെ ജില്ലാ ഭരണകൂടം നാവികസേന മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഹേമാംബിക നഗര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ അഖില്‍ ജോലിക്കുള്ള ശ്രമത്തിലായിരുന്നു.
അമ്മ: സബിത. സഹോദരന്‍ അരുണ്‍ വിദേശത്താണ്. ഈ കരിങ്കല്‍ ക്വാറിയില്‍ ഇതിനിടെ പത്തോളം പേര്‍ മുങ്ങി മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നിന്ന് വന്ന എന്‍ജിനീയര്‍ കോളജ് വിദ്യാര്‍ഥികള്‍ ധോണി വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങവെ ഈ ക്വാറിയില്‍ കുളിക്കാനായി ഇറങ്ങുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
അപകടം പതിയിരിക്കുന്ന ഈ കരിങ്ക്വറിയില്‍ അപായ ബോര്‍ഡുകളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തത് ദുരന്തം വിളിച്ച് വരുത്തുകയാണെന്ന് പറയപ്പെടുന്നു.