പെട്ടിവരവ് സമ്മേളനം ഇന്ന് മണ്ണാര്‍ക്കാട്ട്‌

Posted on: March 28, 2013 8:46 am | Last updated: March 28, 2013 at 8:46 am
SHARE

ssf logoപാലക്കാട്: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാതലങ്ങളില്‍ നടക്കുന്ന പെട്ടിവരവ് സമ്മേളനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ പെട്ടിവരവ് സമ്മേളനം ഇന്ന് വൈകീട്ട് നാല് മണിക്ക് മണ്ണാര്‍ക്കാട്ട് നടക്കും.
യൂനിറ്റുകളില്‍ സ്ഥാപിക്കപ്പെട്ട കമനീയമായ പെട്ടികള്‍ ഐടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയായി മണ്ണാര്‍ക്കാട്ടെത്തുകയും സംസ്ഥാന-ജില്ലാ നേതൃത്വം സ്വീകരിക്കുകയും ചെയ്യും. പ്രവര്‍ത്തകര്‍ പെട്ടിയുമായി ഓരോ വീടും കയറി യൂനിറ്റ് യാത്രയയപ്പും ഡിവിഷന്‍ തലത്തില്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രത്തില്‍ സംഗമിച്ച് സംഘാടക സമിതി നേതാക്കളുടെ നേതൃത്വത്തില്‍ ഡിവിഷന്‍തല യാത്രയയപ്പും നല്‍കിയാണ് ജില്ലയിലെ 500ഓളം വരുന്ന സമ്മേളന പെട്ടികള്‍ മണ്ണാര്‍ക്കാട്ടെത്തുന്നത്.
ഡിവിഷന്‍തല യാത്രയയപ്പുകളില്‍ തൃത്താല ഡിവിഷനില്‍ അറക്കല്‍ മഖാമില്‍ വെച്ച് കബീര്‍ അഹ്‌സനിയും ഒറ്റപ്പാലം ഡിവിഷനില്‍ ഒറ്റപ്പാലം ഉസ്മാന്‍ (റ) മഖാമില്‍ വെച്ച് സയ്യിദ് തഖിയുദ്ദീന്‍ ഹൈദറൂസിയും പട്ടാമ്പി ഡിവിഷനില്‍ മാട്ടായ ബുഖാരി മഖാമില്‍ വെച്ച് മൊയ്തീന്‍കുട്ടി അല്‍ഹസനി വിളയൂരും ആലത്തൂര്‍ ഡിവിഷനില്‍ ആലത്തൂര്‍ ടൗണ്‍ മഖാമില്‍ വെച്ച് ശരീഫ് സഖാഫിയും പാലക്കാട് ഡിവിഷനില്‍ മഞ്ഞക്കുളം മഖാമില്‍ വെച്ച് ഷാഹുല്‍ ഹമീദ് സഖാഫി അല്‍കാമിലിയും കൊല്ലങ്കോട് ഡിവിഷനില്‍ പുതുനഗരം ചിന്നപ്പള്ളി മഖാമില്‍ വെച്ച് ഡോ. നൂര്‍മുഹമ്മദ് ഹസ്‌റത്ത് കൊടുവായൂരും പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും.
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ഡിവിഷനുകള്‍ മാട്ടായ, പൊട്ടച്ചിറ എന്നിവിടങ്ങളില്‍ ഒന്നിച്ച് ആര്യമ്പാവ് വഴി മണ്ണാര്‍ക്കാട്ടെത്തും. ആലത്തൂര്‍, കൊല്ലങ്കോട്, പാലക്കാട് ഡിവിഷനുകള്‍ യാക്കര, മഞ്ഞക്കുളം എന്നിവിടങ്ങളില്‍ ഒന്നിച്ച് പൊന്നങ്കോട് വഴി മണ്ണാര്‍ക്കാട്ടേക്ക് നീങ്ങും.
ആതിഥേയരായ മണ്ണാര്‍ക്കാട് ഡിവിഷന്‍ ഐടീം അംഗങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് കുമരംപുത്തൂര്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ മഖാം സയിറാത്ത് നടത്തി ആര്യമ്പാവിലും അമ്പംകുന്ന് ബീരാന്‍ ഔലിയ(റ)നെ സിയാറത്ത് നടത്തി പൊന്നംകോടും സംഗമിച്ച് ജില്ലയിലെ രണ്ട് ഭാഗങ്ങളില്‍ നിന്ന് വരുന്ന ബൈക്ക് റാലികളെ സ്വീകരിക്കും. മണ്ണാര്‍ക്കാട് ചുങ്കം സെന്ററില്‍ ഒരുമിക്കുന്ന ബൈക്ക് റാലികള്‍ ഇരു വരികളായി ആശുപത്രിപ്പടി ജംങ്ഷനില്‍ സജ്ജമാക്കിയ നഗരിയിലേക്ക് നീങ്ങും. മണ്ണാര്‍ക്കാട് ഡിവിഷനിലെ നൂറുകണക്കിന് ബൈക്കുകള്‍ അഭിവാദ്യമര്‍പ്പിച്ച് പുറകില്‍ അണിനിരക്കും.
നഗരിയിലെത്തുന്ന സമ്മേളനപ്പെട്ടിയുടെ ആദ്യ സ്വീകരണം കേന്ദ്ര മുശാവറ അംഗം ശൈഖുനാ കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം നിര്‍വഹിക്കും. സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി സി അശ്‌റഫ് സഖാഫി അരിയൂര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.
അഹമ്മദ് അശ്‌റഫ്, പി ജെ പൗലോസ്, പി കെ ശശി, സെബാസ്റ്റ്യന്‍ പ്രസംഗിക്കും. എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, ഉമര്‍ മദനി വിളയൂര്‍, നൂര്‍ മുഹമ്മദ് ഹാജി, അശ്‌റഫ് അഹ്‌സനി ആനക്കര, പി പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, ഉണ്ണീന്‍കുട്ടി സഖാഫി, മുബാറഖ് സഖാഫി, യഅ്കൂബ് പൈലിപ്പുറം, നാസര്‍ സഖാഫി പള്ളിക്കുന്ന്, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, അശ്‌റഫ് അന്‍വരി ചങ്ങലീരി, അബൂബക്കര്‍ അവണക്കുന്ന് തുടങ്ങിയ നേതാക്കള്‍ക്ക് പുറമെ എസ് എസ് എഫ്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം എന്നീ സംഘടനാ കുടുംബത്തിലെ ജില്ലാ നേതാക്കള്‍ സംബന്ധിക്കുന്നതാണ്. ജില്ലാ ട്രഷറര്‍ തൗഫീഖ് അല്‍ഹസനി സ്വാഗതവും ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട് നന്ദിയും പറയും.