പെട്ടിവരവ് ഇന്ന് കൊയിലാണ്ടിയില്‍; ആവേശം കടലോളം

Posted on: March 28, 2013 8:44 am | Last updated: March 28, 2013 at 8:44 am
SHARE

ssf logoകൊയിലാണ്ടി: ധര്‍മ സഖാക്കളുടെ സമ്മേളന ആവേശത്തിനു മുന്നില്‍ കൊയിലാണ്ടിയിലെ കടല്‍ത്തീരം ഇന്ന് കോരിത്തരിക്കും. ‘സമരമാണ് ജീവിതം’ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ധനശേഖരണം ലക്ഷ്യമാക്കി സ്ഥാപിച്ച പെട്ടികള്‍ യൂനിറ്റുകളില്‍ നിന്നും ധര്‍മ ധ്വജവാഹകര്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്തെ കടല്‍ത്തീരത്ത് എത്തിക്കും.
ഇന്ന് വൈകീട്ട് നാല് മണി മുതല്‍ പെട്ടിവരവിന്റെ അണമുറിയാത്ത ആവേശത്തിമര്‍പ്പിലായിരിക്കും കൊയിലാണ്ടിയിലെ ചരിത്ര മണ്ണ്. ജില്ലയിലെ ആയിരത്തോളം വരുന്ന യൂനിറ്റുകളില്‍ നിന്നും ഐ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന പെട്ടിവരവ് സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മഹാ സംഗമമാകും. യൂനിറ്റുകളില്‍ നിന്നും പെട്ടികളുമായെത്തുന്ന ഐ ടീം അംഗങ്ങള്‍ വൈകീട്ട് മൂന്നിന് ചെങ്ങോട്ടുകാവില്‍ സംഗമിക്കും. അവിടെ നിന്നും കൂട്ടമായി കൊയിലാണ്ടി ഹാര്‍ബറില്‍ സജ്ജീകരിച്ച സമ്മേളന നഗരിയിലേക്ക് പെട്ടികളെത്തിക്കും. ജില്ലാ ഐ ടീം അംഗങ്ങളും റാലിയില്‍ അണിനിരക്കും. വിവിധ രൂപഭാവങ്ങളിലുള്ള പെട്ടികള്‍ വൈകീട്ട് നാല് മുതല അഞ്ച് വരെ പ്രദര്‍ശനത്തിന് വെക്കും. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മൂന്ന് പെട്ടികള്‍ക്കും രൂപ ഭംഗിയില്‍ മികച്ച മൂന്ന് പെട്ടികള്‍ക്കും പ്രത്യേക ഉപഹാരം നല്‍കും. പ്രദര്‍ശനത്തിന് ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി, എസ് എസ് എഫ് ദേശീയ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം, സി എച്ച് റഹ്മത്തുല്ല സഖാഫി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, കെ എ നാസര്‍ ചെറുവാടി, സയ്യിദ് സൈന്‍ ബാഫഖി, അബ്ദുര്‍റഷീദ് സഖാഫി, പി വി അഹ്മദ് കബീര്‍, സി കെ റാഷിദ് ബുഖാരി, അബ്ദുല്‍ കരീം നിസാമി പങ്കെടുക്കും.