Connect with us

Kozhikode

പി കെ എസ് രാജ: മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വം

Published

|

Last Updated

കോഴിക്കോട്: അധികാരവും പദവിയും ജനാധിപത്യത്തിന് വഴിമാറിയെങ്കിലും കര്‍മ രംഗത്തെ വിശ്വാസ്യത കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനാലും കുലീനത കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു കോഴിക്കോട് സാമൂതിരി പി കെ എസ് രാജ. പാരമ്പര്യവും പാണ്ഡിത്യവും മുറകെപ്പിടിച്ച അദ്ദേഹത്തിന് വിനീതമായ പെരുമാറ്റംകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. സാമൂതിരി രാജാവായി പത്ത് വര്‍ഷമേ കോഴിക്കോടിന്റെ കര്‍മ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുള്ളുവെങ്കിലും ജില്ലയുടെ സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

മതമൈത്രിക്കും രാജ്യ സുരക്ഷക്കും മുന്‍തൂക്കം നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ മനസ്സിനെ വേദനിപ്പിച്ച, മാറാട് അടക്കമുള്ള തീരദേശ മേഖലകളില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അക്രമങ്ങള്‍ വ്യാപിക്കുന്നത് തടയുന്നതിന് ഇതര സമുദായ നേതാക്കളോടും ജില്ലാ ഭരണകൂടത്തോടുമൊപ്പം അദ്ദേഹം മുന്നിട്ടിറങ്ങി. കോഴിക്കോടിന്റെ അഭിമാന സ്തംഭങ്ങളായ തളി ക്ഷേത്രവും കുറ്റിച്ചിറ മിശ്ക്കാല്‍ പളളിയും പൈതൃക സ്വത്താക്കി സംരക്ഷിക്കുന്നതിന് മുന്‍ ജില്ലാ കലക്ടര്‍ പി ബി സലീമിന് അദ്ദേഹം ഉറച്ച പിന്തുണ നല്‍കി.
നന്നായി വായിക്കുന്ന അദ്ദേഹം വാര്‍ധക്യം മൂലമുള്ള അവശതകള്‍ മറന്ന് നഗരത്തിലെ സാംസ്‌കാരിക പരിപാടികളില്‍ സജീവമായിരുന്നു. ജാതിമതഭേദമന്യേ ആര് നടത്തുന്ന പരപിപാടികള്‍ക്ക് ക്ഷണിച്ചാല്‍ അത് സ്വീകരിക്കുന്നതില്‍ അദ്ദേഹം മടി കാണിച്ചില്ല. മലബാറിന്റെയും ജില്ലയുടെയും വിദ്യാഭ്യാസ പുരോഗതിക്കും അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കി.
സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്, സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായിരുന്നു അദ്ദേഹം. കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി നാല്‍പ്പതോളം ക്ഷേത്രങ്ങളുടെയും ചുക്കാന്‍ പിടിച്ചു. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു. രേവതി പട്ടത്താനത്തിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. വിശ്രമ ജീവിതകാലത്ത് ലോകത്തിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശനമായിരുന്നു അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്.
സാമൂതിരി ചരിത്രത്തില്‍ രാജ നൂറു വയസ്സ് പിന്നിടുന്നവരില്‍ രണ്ടാമത്തെയാളാണ് അദ്ദേഹം. മാങ്കാവ് കോവിലകത്തു നിന്ന് 1986 മുതല്‍ 1995 വരെ സാമൂതിരിയായിരുന്ന പി സി മാനവേദന്‍ എന്ന കുഞ്ഞനുജന്‍ രാജയാണ് 102 വയസ്സ് വരെ ജീവിച്ചത്.
വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നഷ്ടം സമൂഹത്തിന്റെ എല്ലാ വിഭാഗക്കാരെയും ദുഖത്തിലാക്കി. മരണ വിവരമറിഞ്ഞ് വിവിധ മേഖലകളില്‍ നിന്നായി നൂറുകണക്കിന് പേരാണ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്.
സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എം കെ മുനീര്‍, എം കെ രാഘവന്‍ എം പി, മേയര്‍ എ കെ പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ്, കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി എസ് വാര്യര്‍, രാഷ്ട്രീയ- സാസ്‌കാരിക നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Latest