Connect with us

Kozhikode

കാപ്പാട് ഉമര്‍ മുസ്‌ലിയാരെ ആദരിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ദര്‍സ് രംഗത്ത് 50 വര്‍ഷം പിന്നിടുന്ന കാപ്പാട് ഉമര്‍ മുസ്‌ലിയാരെ ആദരിക്കുന്നു. കാപ്പാട് ശൈഖ് രിഫാഈ ഫൗണ്ടേഷനാണ് രിഫാഈ റാത്തീബിന്റെ 131-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അടുത്ത മാസം മൂന്നിന് ഉമര്‍ മുസ്‌ലിയാരെ ആദരിക്കുന്നത്.
1951 മുതല്‍ പെരിങ്ങത്തൂര്‍, ഇരുമ്പുഴി, പൂനൂര് തുടങ്ങിയ സ്ഥലങ്ങളില്‍ മതപഠനം നടത്തി. കാപ്പാട് വലിയ മുസ്‌ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ട കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കരുവന്‍തുരുത്തി ആലിക്കുട്ടി മുസ്‌ലിയാര്‍, കാപ്പാട് ഖാസിയായിരുന്ന കുഞ്ഞി ഹസ്സന്‍ മുസ്‌ലിയര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുവര്യരാണ്.
1965ല്‍, തെന്നിന്ത്യയിലെ ഏറ്റവും വലിയ മത കലാലയമായ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. തുടര്‍ന്ന് വിവിധ നാടുകളില്‍ ദര്‍സ് നടത്തിയ ഉമര്‍ മുസ്‌ലിയാര്‍ ഒമ്പത് വര്‍ഷത്തോളം നന്ദി ദാറുസ്സലാം അറബി കോളജിലെ വൈസ് പ്രിന്‍സിപ്പലായിരുന്നു.
1999 മുതല്‍ മടവൂര്‍ സി എം സെന്ററില്‍ ദര്‍സ് നടത്തുന്ന അദ്ദേഹം ഇപ്പോള്‍ ശരീഅത്ത് കോളജിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ്. 35 വര്‍ഷമായി പുറക്കാട് ഖാസിയായി സേവനമനുഷ്ഠിക്കുന്നു.
രിഫാഈ റാത്തീബിന്റെ വാര്‍ഷാഘോഷത്തിന്റെ ഭാഗമായി അടുത്ത മാസം രണ്ടിന് വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി പ്രദീപ്കുമാര്‍, കര്‍ണാടക മൈനോറിറ്റി കോണ്‍ഗ്രസ് സെക്രട്ടറി, മുഹമ്മദ് സാലിഹ്, ഡോ. അബൂബക്കര്‍ കാപ്പാട്, ശരീഫ് മാസ്റ്റര്‍ പങ്കെടുക്കും. തുടര്‍ന്ന് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അവേലത്തിന്റെയും സി പി ശാഫി സഖാഫിയുടേയും നേതൃത്വത്തില്‍ ശാദുലി റാത്തീബ് അവതരിപ്പിക്കും.
മൂന്നിന് രാവിലെ 6. .30ന് നടക്കുന്ന മൗലിദ് പാരായണത്തിന് ഖാസി പി കെ ശിഹാബുദ്ദീന്‍ ഫൈസിയും അബ്ദുല്ല ബാഖവിയും നേതൃത്വം നല്‍കും.
എട്ട് മണിക്ക് ഉമര്‍ മുസ്‌ലിയാരെ ആദരിക്കുന്ന ചടങ്ങിന് ശേഷം കുത്ത് റാത്തീബ് നടക്കും.

Latest