പൂരവരവിനിടെ ആര്‍ എസ് എസ് -ഡി വൈ എഫ് ഐ സംഘര്‍ഷം; ഒന്‍പത് പേര്‍ക്ക് പരുക്ക്‌

Posted on: March 28, 2013 8:29 am | Last updated: March 28, 2013 at 8:29 am
SHARE

പൊന്നാനി: ഉത്സവ പറമ്പില്‍ പൂരവരവിനെ ചൊല്ലി ആര്‍ എസ് എസ് -ഡി വൈ എഫ് ഐ സംഘര്‍ഷം. ഒന്‍പതു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പൊന്നാനി കോട്ടത്തറ കണ്ടകുറുംബകാവ് ക്ഷേത്രത്തിലെ നാട്ടുതാലപ്പൊലിയോടനുബന്ധിച്ച് യുവത ആഘോഷകമ്മിറ്റി സംഘടിപ്പിച്ച പൂരവരവിന് നേരെയാണ് മാരകായുധങ്ങളുമായി ആര്‍ എസ് എസ് ആക്രമണം നടത്തിയതായി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ആക്രമണത്തില്‍ ഡി വൈ എഫ് ഐ ഇഴുവത്തിരുത്തി വില്ലേജ് ട്രഷറര്‍ പൂപ്പാല രജീഷ്(33), ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ പൂപ്പാല വൈശാഖ്(23) എന്നിവര്‍ക്ക് പരുക്കേറ്റു. ചെവിക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പറമ്പില്‍ ചുവന്ന ബലൂണ്‍ കയറ്റാന്‍ പാടില്ലെന്നും ഭഗത് സിംഗിന്റെ ചിത്രമുള്ള തൊപ്പി ധരിച്ചതിനെ ചൊല്ലിയുമാണ് സംഘര്‍ഷമുണ്ടായത്. കത്തികൊണ്ടുള്ള ആക്രമണത്തിലാണ് രജീഷിനും വൈശാഖിനും ചെവിക്കു പരുക്കേറ്റത്. വൈശാഖിന്റെ ചെവിക്ക് ഒന്‍പതു തുന്നലുകളും രജീഷിന് ഏഴു തുന്നലുമുണ്ട്.
കൊന്ത ധരിച്ചെത്തിയതിനാണ് വൈശാഖിനെ ആക്രമിച്ചതെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയ പൂരം വരവ് ആര്‍ എസ് എസുകാര്‍ ദാഹജലം കൊടുത്തിരുന്ന സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കത്തി, വടിവാള്‍, ഇരുമ്പുകമ്പി, സൈക്കിള്‍ ചെയിന്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമം നടത്തിയതെന്ന് ഡി വൈ എഫ് ഐ പരാതിയില്‍ പറയുന്നു. ആക്രമണത്തിനെതിരെ രജീഷ്, വൈശാഖ് എന്നിവരുടെ പരാതിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പുഴമ്പ്രം വണ്ടിത്തോട് ശശി, ചെറുവായിക്കര സുരേഷ്, ഇഴുവത്തിരുത്തി ദേവന്‍, കടവനാട് വാരിയത്ത് പടി രഞ്ജിത്, പള്ളപ്രം രാജീവ്, കല്ലിങ്ങല്‍ മണി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അമ്പലപ്പറമ്പില്‍ കൊന്ത ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് നേരത്തെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.