സുന്നി പ്രവര്‍ത്തകര്‍ ആത്മ സംയമനം പാലിക്കണം: കാന്തപുരം

Posted on: March 28, 2013 8:27 am | Last updated: April 1, 2013 at 8:08 am
SHARE

koottavമഞ്ചേരി: നിരന്തരമായ അക്രമങ്ങള്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ തുടരുമ്പോഴും നിയമ ലംഘനത്തിന്റെ പാത സ്വീകരിക്കരുതെന്നും പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കൂട്ടാവില്‍ ലീഗ് അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന്റെ വഴി ഒരിക്കലും ഇസ്‌ലാമികമല്ല. കൂട്ടാവ് മഹല്ലില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ക്രമസമാധാനം ഉറപ്പാക്കാന്‍ അധികാരികളോട് കാന്തപുരം ആവശ്യപ്പെട്ടു.
കൂട്ടാവിലെ സുന്നികളുടെ പ്രവര്‍ത്തനം അധികാരത്തിന് വേണ്ടിയല്ലെന്നും ആദര്‍ശ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. പ്രൊഫ. കെ എം എ റഹീം, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ ടി ത്വാഹിര്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, എന്‍ കെ അബ്ദുല്ല മേലാക്കം സംബന്ധിച്ചു.
അതേ സമയം അക്രമത്തില്‍ പരുക്കേറ്റ ഇ കെ അബൂബക്കര്‍ ഹാജി, എം സി മുസ്തഫ, സി കെ സക്കീര്‍ എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. അക്രമികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും ഒരു പ്രതിയെ പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ സൈ്വര്യ വിഹാരം നടത്തുകയാണ്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും പോലീസ് അലംഭാവം തുടരുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിരന്തരമായ അക്രമങ്ങള്‍ തുടരുമ്പോഴും ഒരു കേസിലും പ്രതികളെ അറസ്റ്റു ചെയ്യാത്തത് അക്രമികള്‍ക്ക് പ്രചോദനമാകുകയാണ്.